ഗാന്ധിജിയുടെ കാൽപതിഞ്ഞ വൈക്കം ബോട്ടുജെട്ടി
1445047
Thursday, August 15, 2024 7:48 AM IST
വൈക്കം: വൈക്കം സത്യഗ്രഹ സമരത്തിന് ആവേശം പകരാൻ മഹാത്മജി ബോട്ട് മാർഗമാണ് വൈക്കത്തെത്തിയത്. അഹിംസയുടെ പ്രവാചകൻ വന്നിറങ്ങിയ നൂറ്റാണ്ട് പിന്നിട്ട ബോട്ടു ജെട്ടി രാജഭരണ കാലത്തെ ശംഖ് മുദ്രയുടെ ഗരിമയിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു.
ചരിത്രത്തിന്റെ ഭാഗമായ ബോട്ട് ജെട്ടി തനിമ ചോരാതെ ചരിത്രസ്മാരകമാക്കി പുനർനിർമിക്കുന്ന പദ്ധതി പാതിയിൽ മുടങ്ങി. അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് ബോട്ടുജെട്ടി ചോർന്നൊലിക്കുകയാണിപ്പോൾ. വൈക്കം സത്യഗ്രഹ സമരത്തിൽ പങ്കെടുക്കാനായി മഹാത്മജി വന്നിറങ്ങിയത് ഈ ബോട്ടുജെട്ടിയിലാണ്. ഇവിടം പുനർനിർമിച്ച് ചരിത്രസ്മാരകമാക്കണമെന്ന നാട്ടുകാരുടെ നിരന്തരാവശ്യത്തെത്തുടർന്ന് സംസ്ഥാന സർക്കാർ 42 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇറിഗേഷൻ വകുപ്പാണ് നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത്.
വൈക്കം സത്യഗ്രഹ സമത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ ചരിത്രത്തിന്റെ ഭാഗമായ പഴയ ബോട്ടുജെട്ടി കെട്ടിടം പുനർനിർമിച്ച് സംരക്ഷിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.