വൈക്കം ബ്ലോക്കിന് സി. അച്യുതമേനോന് സ്മാരക പുരസ്കാരം
1445045
Thursday, August 15, 2024 7:48 AM IST
വൈക്കം: കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കേരളത്തിലെ ഏറ്റവും മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് സംസ്ഥാന കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയ സി. അച്യുതമേനോന് സ്മാരക പുരസ്കാരം വൈക്കം ബ്ലോക്ക് പഞ്ചായത്തിന്. കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ വ്യത്യസ്തവും നൂതനവുമായ കാര്‍ഷിക പദ്ധതികളാണ് വൈക്കം ബ്ലോക്ക് പഞ്ചായത്തിനെ പുരസ്കാരത്തിന് അര്‍ഹരാക്കിയത്. 10 ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്കാരം. കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ മികച്ച പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ നിറവ് പച്ചക്കറി കൃഷി, ഓണം വിപണി ലക്ഷ്യമാക്കി ആരംഭിച്ച പൂ കൃഷിയും കിഴങ്ങു വര്‍ഗ കൃഷി പദ്ധതിയും തരിശുരഹിത നെല്‍കൃഷിക്കായി ആവിഷ്കരിച്ച പൊന്കതിര് പദ്ധതിയും കേരനഴ്സറിയും പാടശേഖങ്ങളുടെ അടിസ്ഥാന വികസനത്തിന് നടപ്പിലാക്കിയ പദ്ധതികളും ശ്രദ്ധേയമായി.
വിദ്യാലയങ്ങളിലും പച്ചക്കറി കൃഷിയും പൂകൃഷിയും ആരംഭിച്ചു. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് എല്ലാം വര്‍ഷവും നിറവ് പുരസ്കാരങ്ങളും നല്‍കുന്നുണ്ട്. ക്ഷേത്രങ്ങളിലും കോണ്വെന്റുകളിലുമടക്കം നിറവ് പദ്ധതിയുടെ ഭാഗമായി കൃഷി ഇറക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുമായി ചേര്‍ന്നാണ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിറവ് ജനകീയ കൃഷി പദ്ധതി നടപ്പാക്കിയത്.