ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ മേഖലയിൽ ഓണം പട്ടിണിക്കാലം
1444928
Wednesday, August 14, 2024 11:18 PM IST
ഏറ്റുമാനൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ മേഖലയ്ക്കും കലാകാരന്മാർക്കും ബന്ധപ്പെട്ടവർക്കും സമ്മാനിക്കുന്നത് ദുരിതകാലം. ഓണാഘോഷവും കലാപരിപാടികളും ക്ലബ്ബുകൾ ഉൾപ്പെടെ ഉപേക്ഷിച്ചതോടെ ഈ മേഖലയിലുള്ളവർക്ക് ഓണം പട്ടിണിക്കാലമാകും.
ക്ലബ്ബുകളും സമുദായ സംഘടനകളും മറ്റും വിപുലമായി ഓണം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയ ഘട്ടത്തിലാണ് സർക്കാരിന്റെ തീരുമാനം. ഇതോടെ പല ക്ലബ്ബുകളും സംഘടനകളും ഓണാഘോഷം ഒഴിവാക്കി.
ബുക്ക് ചെയ്തിരുന്ന കലാപരിപാടികൾ റദ്ദു ചെയ്തു. ഓണാഘോഷം നടത്തേണ്ടെന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ക്ലബ്ബുകൾക്ക് നിർദേശം നൽകുന്നുണ്ട്. ആഘോഷം ഒഴിവാക്കാൻ ഇതും കാരണമാകുന്നു.
ക്ഷേത്രോത്സവങ്ങൾ കഴിഞ്ഞതിനെ തുടർന്ന് മാസങ്ങളായി ഈ മേഖലയിലുള്ളവർ വേദി ലഭിക്കാതെ കഴിയുകയായിരുന്നു. ഓണാഘോഷത്തോടെയാണ് വീണ്ടും വേദികൾ ഉണരുക. പുതിയ നാടകങ്ങളും മറ്റും ഒരുക്കി വലിയ പ്രതീക്ഷയിലായിരുന്നു കലാലോകം. പുതിയ നാടകങ്ങൾ ഒരുക്കുന്നതിന് ലക്ഷക്കണക്കിനു രൂപയാണ് സമിതികൾക്ക് ചെലവായത്. കടം വാങ്ങിയും വായ്പ എടുത്തുമാണ് പുതിയ കലാരൂപങ്ങൾ ഒരുക്കിയത്.
നാടകം, ഗാനമേള, മിമിക്രി, നാടൻപാട്ട്, ചെണ്ടമേളം തുടങ്ങിയ മേഖലകളിലെ കലാകാരന്മാർ, കലാസമിതികളെ ആശ്രയിച്ചു കഴിയുന്ന പ്രോഗ്രാം ബുക്കിംഗ് ഏജന്റുമാർ, ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാർ, സെറ്റ് ഒരുക്കുന്നവർ, പന്തൽ പണിക്കാർ, കേറ്ററിംഗ് മേഖലയിലുള്ളവർ, പ്രിന്റിംഗ് മേഖലയിലെ സംരംഭകർ, ചെറുവാഹന ഉടമകൾ, ഡ്രൈവർമാർ തുടങ്ങി ആയിരങ്ങൾക്കാണ് പരിപാടികൾ റദ്ദു ചെയ്തതോടെ തൊഴിൽ ഇല്ലാതാകുന്നത്.
സർക്കാർ നിയന്ത്രണം ഉണ്ടാകരുത് എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും തൊഴിൽ മന്ത്രിക്കും ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള നിവേദനം നൽകിയെന്ന് സംസ്ഥാന ട്രഷറർ പി.എച്ച്. ഇക്ബാൽ അറിയിച്ചു.