നവീകരിച്ച മണർകാട് കത്തീഡ്രലിന്റെ കൂദാശ നിർവഹിച്ചു
1444927
Wednesday, August 14, 2024 11:18 PM IST
മണർകാട്: ദേവാലയത്തിന്റെ മനോഹാരിത വർധിക്കുമ്പോൾ ഇടവകയുടെയും ദേശത്തിന്റെയും മനോഹാരിത വർധിക്കുന്നുവെന്ന് യാക്കോബായ സഭ മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക് മാർ ഒസ്താത്തിയോസ്. നവീകരണം പൂർത്തീകരിച്ച മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കൂദാശയ്ക്കും വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോട നുബന്ധിച്ചുള്ള സന്ധ്യാപ്രാർഥനയ്ക്കും പ്രധാന കാർമികത്വം വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദേവാലയം എത്ര മനോഹരമായിരുന്നാലും അത് ദൈവത്തിന് തൃപ്തികരമാണ്. വളരെ ലളിതമായ രീതിയിൽ നിർമിച്ച് കാലാകാലങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് ഇന്ന് കാണുന്ന രീതിയിൽ ഈ പള്ളി ആയിത്തീരാന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയെ സഹവികാരിയും പ്രോഗ്രാം കോ ഓർഡിനേറ്ററുമായ കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്തും ട്രസ്റ്റി പി.എ. ഏബ്രഹാമും ചേർന്ന് കത്തിച്ച മെഴുകുതിരി നൽകി സ്വീകരിച്ചു. തെക്കുവശത്ത് സ്ഥാപിച്ചിരിക്കുന്ന വിളക്കിൽ മെത്രാപ്പോലീത്ത ആദ്യതിരി കത്തിച്ചു.
തുടർന്ന് ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ സന്ധ്യാപ്രാർഥനയും ദേവാലയ കൂദാശയും നടത്തി. ദേവാലയ കൂദാശയുടെ പ്രത്യേക പ്രാർഥനകൾക്കുശേഷം പ്രധാന മദ്ബഹായും തുടർന്ന് വടക്കുവശത്തെയും തെക്ക് വശത്തെയും മദ്ബഹായും മെത്രാപ്പോലീത്ത റൂശ്മാ ചെയ്തു ആശീർവദിച്ചു.
നവീകരണത്തിനു ശേഷമുള്ള പ്രഥമകുർബാനയും വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളും ഇന്നു നടക്കും. രാവിലെ ഏഴിന് മംഗലാപുരം ഭദ്രാസനാധിപനും ഹോണവോർ മിഷൻ ചീഫ് കോ-ഓർഡിനേറ്ററുമായ യാക്കോബ് മോർ അന്തോണിയോസ് മൊത്രാപ്പോലീത്തയുടെ പ്രധാനകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. തുടർന്ന് വാങ്ങിപ്പുപെരുന്നാൾ ശുശ്രൂഷയും പ്രദക്ഷിണവും. സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ ആചരിക്കുന്ന ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചായിരുന്നു കത്തീഡ്രലിന്റെ നവീകരണം നടത്തിയത്.