വീട്ടുമുറ്റത്ത് കാട്ടാന : അമലഗിരി, ചുഴിപ്പ് മേഖല ഭീതിയിൽ
1444925
Wednesday, August 14, 2024 11:18 PM IST
പെരുവന്താനം: പഞ്ചായത്തിന്റെ മലയോരമേഖലയെ ആശങ്കയിലാക്കി കാട്ടാന. ചൊവ്വാഴ്ച രാത്രിയിൽ അമലഗിരി പള്ളിയുടെ സമീപം വാണിയപ്പുരയ്ക്കൽ ഏലിയാമ്മയുടെ വീട്ടുമുറ്റത്ത് കാട്ടാനയെത്തി. ഇവരുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിൽ ആന വീട്ടുമുറ്റത്ത് നിൽക്കുന്നതും പിന്നീട് പുരയിടത്തിലേക്ക് ഇറങ്ങിപ്പോകുന്നതും കാണാം.
വിദേശത്തുനിന്നു മകൻ ഫോണിൽ വിളിച്ച് വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് രാത്രിയിൽ ആനയെത്തിയ വിവരം ഇവർ അറിയുന്നത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പെരുവന്താനം പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിന്നീട് നിരവധി ആളുകൾ പാർക്കുന്ന ചുഴുപ്പ്, നാല്പതാംമൈൽ ഭാഗത്തേക്ക് ആന നീങ്ങുകയായിരുന്നു.
കൊട്ടാരക്കര - ദിണ്ഡിഗൽ ദേശീയപാതയുടെ സമീപംവരെ കാട്ടാനയെത്തി. പകൽ മുഴുവൻ ജനവാസമേഖലയ്ക്ക് സമീപം കാട്ടാന നിലയുറപ്പിച്ചത് ആശങ്ക സൃഷ്ടിച്ചു. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ ശ്രദ്ധയോടെയാണ് വനം വകുപ്പ് ആനയുടെ ചലനം നിരീക്ഷിച്ചത്.
പെരുവന്താനത്തുനിന്നു വിനോദസഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്ടിലേക്കുള്ള റൂട്ടിലാണ് അമലഗിരി. പ്രദേശവാസികളും വിനോദസഞ്ചാരികളുമടക്കം നിരവധിയാളുകൾ കടന്നുപോകുന്ന മേഖലകൂടിയാണ് ഇവിടം. കഴിഞ്ഞ ദിവസങ്ങളിൽ പാഞ്ചാലിമേട് ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു.
മേഖലയിലെ സ്വകാര്യ എസ്റ്റേറ്റിൽ നിലയുറപ്പിച്ച ആനയെ കാടുകയറ്റാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഈ ആനയാണ് അമലഗിരിയിലെ ജനവാസ മേഖലയിൽ എത്തിയിരിക്കുന്നതെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടൽ.
കാട്ടാനയെ ജനവാസ മേഖലയിൽനിന്നു തുരത്തി കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മുറിഞ്ഞപുഴ, പാഞ്ചാലിമേട് ഭാഗങ്ങളിലെല്ലാം കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നു. മേഖലയിലെ കർഷകരുടെ കൃഷി വ്യാപകമായാണ് ആനക്കൂട്ടം നശിപ്പിക്കുന്നത്. ഇതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധമടക്കമുള്ള സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അമലഗിരി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരിക്കുന്നത്. മുറിഞ്ഞപുഴ വനമേഖലയിൽ നിന്നുമാണ് കാട്ടാനയെത്തിയതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. വനാതിർത്തിയിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള അമലഗിരി, ചുഴിപ്പ് മേഖലയിൽവരെ കാട്ടാനയെത്തിയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.