മഴയും കാറ്റും; ആശങ്കയിൽ മലയോരം
1444898
Wednesday, August 14, 2024 11:17 PM IST
എരുമേലി: ശക്തമായ മഴയും കാറ്റും ഇടിമിന്നലും വരും ദിവസങ്ങളിൽ തുടരുമെന്ന കാലാവസ്ഥ മുന്നറിയിപ്പിൽ ആശങ്കയോടെ മലയോരം. മഴയുടെ തീവ്രത കൂടുന്നത് മലയോര പ്രദേശങ്ങളെ ഭീതിയിലാക്കുകയാണ്. ഉരുൾപൊട്ടൽ പലപ്പോഴായി സംഭവിച്ച പ്രദേശങ്ങളാണ് തുമരംപാറയും പമ്പാവാലിയും. ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ കീരിത്തോട് - മൂക്കൻപെട്ടി ബൈപാസ് റോഡ് ഇനിയും പൂർവ സ്ഥിതിയിലാക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞയിടെ പാലങ്ങൾ മുങ്ങിയ മൂക്കൻപെട്ടി, ഇടകടത്തി, കുറുമ്പൻമുഴി പ്രദേശങ്ങളിൽ ആശങ്ക ശക്തമാണ്.
അടുത്ത ദിവസങ്ങളിൽ ഇതേ സ്ഥിതി ആവർത്തിക്കുമെന്ന് മുന്നറിയിപ്പ് ഉള്ളത് മുൻനിർത്തി ജാഗ്രത, സുരക്ഷ നടപടികൾ സംബന്ധിച്ച് ആലോചനാ യോഗം ചേർന്ന് പഞ്ചായത്ത് തലത്തിൽ മുൻകരുതൽ പ്രവർത്തനങ്ങൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
പ്രളയ സാധ്യത ഉണ്ടായാൽ വെള്ളത്തിൽ മുങ്ങുന്ന എംസിഎഫുകളുടെ കണക്കെടുപ്പ് ജില്ലാ തലത്തിൽ ആരംഭിച്ചു. വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള എംസിഎഫുകളിലെ പാഴ് അജൈവ മാലിന്യ വസ്തുക്കൾ അടിയന്തരമായി അതാതു ഏജൻസികൾക്ക് കൈമാറണമെന്ന് ജില്ലാ ഭരണകൂടം പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.