പാറമട മാഫിയയെ തളയ്ക്കാൻ കുടക്കച്ചിറ-വലവൂർ ഗ്രാമവാസികളുടെ പ്രാര്‍ഥനായജ്ഞം ഇന്ന്
1444894
Wednesday, August 14, 2024 11:17 PM IST
കുടക്കച്ചിറ: ക്വാറി മാഫിയായില്നിന്നു പിറന്ന നാടിനെ സ്വതന്ത്രമാക്കുവാന്‍ കുടക്കച്ചിറ- വലവൂർ- ഗ്രാമവാസികള്‍ സ്വാതന്ത്ര്യ ദിനമായ ഇന്ന് നിരാഹാര പ്രാര്‍ത്ഥനാ യജ്ഞം നടത്തും. കരൂര്‍ പഞ്ചായത്ത് പാറമടവിരുദ്ധ പരിസ്ഥിതി സംയുക്ത ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പ്രാര്ഥാന യജ്ഞം നടത്തുന്നത്. കുടക്കച്ചിറ ഗ്രാമകേന്ദ്രമായ വലിയ പള്ളിത്താഴത്തുള്ള സാംസ്കാരിക കേന്ദ്രത്തില്‍ രാവിലെ ഒന്പതിനു സര്‍വകക്ഷി നിരാഹാര പ്രാര്‍ഥനായജ്ഞം ആരംഭിക്കും. അഭയാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ സന്ദേശം നല്‍കും. കുടക്കച്ചിറ സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. തോമസ് മഠത്തില്‍പറമ്പില്‍ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സാംസ്കാരിക, സഹകരണ, സാഹിത്യ, കലാ സംഘടനകളുടെ പ്രതിനിധികളും പ്രാര്‍ഥനായജ്ഞത്തിൽ പങ്കെടുക്കും.
കരൂര്‍ പഞ്ചായത്തിലെ കുടക്കച്ചിറയും വലവൂരും മൂന്നു പാറമടകളാണ് ജനങ്ങള്‍ക്കു ഭീഷണിയായി മാറിയിരിക്കുന്നത്. കലാമുകുളം വ്യൂ പോയിന്റിനു താഴെയും സെന്റ് തോമസ് മൗണ്ടിനു താഴെയും കൂവയ്ക്കല്‍ മലയടിവാരത്തിലും നിയമ വിരുദ്ധമായി സ്വകാര്യ വ്യക്തികള്‍ ഖനനം ചെയ്യുന്നതിനു പഞ്ചായത്ത് അനുമതി കൊടുത്തിരിക്കുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
22 ഡിഗ്രിയിലേറെ ചെരിവുള്ള പ്രദേശങ്ങളില്‍ പാറഖനനം നടത്തിയാല്‍ ഉരുള്‍പൊട്ടൽ, മലയിടിച്ചില്‍, സോയില്‍ പൈപ്പിംഗ് എന്നീ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമെന്ന ശാസ്ത്രീയ മുന്നറിയിപ്പുണ്ട്. ഇവിടെ മലകളുടെ ചരിവ് 40 ഡിഗ്രിയില്‍ കൂടുതലാണ്. വെടി മരുന്നിന്റെ മണവും പൊടിപടലങ്ങളും തകര്‍ന്ന റോഡുകളും പാറ കയറ്റിയ ടോറസ് ലോറികളുമാണ് ഇന്ന് ഗ്രാമത്തിന്റെ മുഖമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു.
കരൂര്‍ പഞ്ചായത്തുതന്നെ നാലു വര്‍ഷംമുമ്പു നടത്തിയ പരിസ്ഥിതി പഠന റിപ്പോര്‍ട്ടില്‍ ഒന്ന്, രണ്ട് വാര്‍ഡുകളുടെ മലയോരം പരിസ്ഥിതിലോലമാണെന്നു കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ആളുകള്‍ തന്നെ അതിനു വിരുദ്ധമായി ഖനനാനുമതി കൊടുക്കുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
പത്രസമ്മേളനത്തില്‍ കുടക്കച്ചിറ സെന്റ് ജോസഫ് ഹൈസ്കൂള്‍ മാനേജര്‍ ഫാ.തോമസ് മഠത്തിപ്പറമ്പില്‍, പാറമട വിരുദ്ധ സംയുക്ത സമര സമിതി കണ്‍വീനര്‍ ഡോ.ജോര്‍ജ് ജോസഫ് പരുവനാടി, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, പരിസ്ഥിതി പ്രവര്‍ത്തക നിത നിരാകൃത എന്നിവര്‍ പങ്കെടുത്തു.