ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജോസിറ്റ് പടിയിറങ്ങുന്നു
1444891
Wednesday, August 14, 2024 11:17 PM IST
ഈരാറ്റുപേട്ട: അധ്യാപകരുടെയും അനധ്യാപകരുടെയും സാമ്പത്തികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്ന ലക്ഷ്യവുമായി 1986ല്‍ ഈരാറ്റുപേട്ടയില്‍ സ്ഥാപിതമായ ഈരാറ്റുപേട്ട എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജോസിറ്റ് ജോണ്‍ വെട്ടം പടിയിറങ്ങുന്നു.
ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുകയും അംഗങ്ങള്‍ക്ക് ലാഭവിഹിതം വിതരണം ചെയ്യുന്നതുമായ ജില്ലയിലെ പ്രമുഖ അധ്യാപക സഹകരണസംഘമാണ് ഈരാറ്റുപേട്ട എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. 1991ല്‍ ഈ സൊസൈറ്റിയില്‍ അംഗത്വമെടുത്ത ഇദ്ദേഹം ഭരണസമിതി അംഗമായും വൈസ് പ്രസിഡന്റായും പ്രസിഡന്റായും പ്രവര്‍ത്തിച്ച നീണ്ട 23 വര്‍ഷങ്ങളില്‍ സൊസൈറ്റിയെ ലാഭത്തിലാക്കുന്നതിനു സാധിച്ചു. 2014 മുതല്‍ 2019 വരെ വൈസ് പ്രസിഡന്റായും 2019 മുതല്‍ 2024 വരെ പ്രസിഡന്റായും പ്രവര്‍ത്തിച്ച് സൊസൈറ്റിയെ വളര്ച്ചയിലെത്തിക്കുവാനായി. സൊസൈറ്റിയുടെ ലാഭവിഹിതത്തില്‍നിന്നും അംഗങ്ങള്‍ക്ക് 25 ശതമാനം ഡിവിഡന്റ് നല്കുന്ന സഹകരണസംഘങ്ങളില്‍ ഒന്നാക്കി സൊസൈറ്റിയെ മാറ്റി. അരുവിത്തുറ ആര്‍ക്കേഡില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ് കെട്ടിപ്പടുത്തതിലൂടെ ഒട്ടനവധി മാറ്റങ്ങള്‍ക്കും സൊസൈറ്റി വിധേയമായി.
36 വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍നിന്നും വിരമിക്കുമ്പോള്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായും കായികാധ്യാപക സംഘടനയുടെ സംസ്ഥാനപ്രസിഡന്റായും പ്രവര്‍ത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.