കാഞ്ഞിരപ്പള്ളി ബൈപാസ്: നിർമാണ പുരോഗതി വിലയിരുത്തി കിഫ്ബി
1444881
Wednesday, August 14, 2024 9:48 PM IST
കാഞ്ഞിരപ്പള്ളി: ബൈപാസിന്റെ നിർമാണപുരോഗതി വിലയിരുത്തി കിഫ്ബി സംഘം. ആർബി ഡിസികെ അധികൃതർക്കൊപ്പമാണ് തിരുവനന്തപുരത്തു നിന്നെത്തിയ കിഫ്ബി ഉദ്യോഗസ്ഥർ നിർദിഷ്ട ബൈപാസ് മേഖലയിൽ പരിശോധന നടത്തിയത്. സാധാരണ മൂന്നുമാസം കൂടുമ്പോൾ കിഫ്ബി ഉദ്യോഗസ്ഥർ കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിർമാണപുരോഗതി വിലയിരുത്തുന്ന പതിവുണ്ട്.
എന്നാൽ, ഇപ്പോൾ നിർമാണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് മാസം തോറുമുള്ള പരിശോധന. ആർബിഡിസികെ, റൈറ്റ്സ് അധികൃതരും ഒപ്പമുണ്ടായിരുന്നു.
ബൈപാസ് കടന്നു പോകുന്ന പ്രദേശങ്ങളിലെല്ലാം എത്തി ഉദ്യോഗസ്ഥർ പരിശോധന നടത്തി. കാലാവസ്ഥയടക്കം നിർമാണപുരോഗതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നിർമാണം വേഗത്തിലാക്കാൻ കരാറുകാർക്കു നിർദേശം നൽകി. ഊർജിത നടപടികളിലൂടെ നിർമാണം വേഗത്തിലാക്കിയാൽ നിശ്ചയിച്ച കാലാവധിയ്ക്കുള്ളിൽ തന്നെ പണി പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയും ഇവർ പങ്കുവച്ചു.
നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കിഫ്ബി ഉദ്യോഗസ്ഥ സംഘം ഓരോമാസവും നേരിട്ടെത്തി നിർമാണപുരോഗതി വിലയിരുത്തും.
78.69 കോടി രൂപ ചെലവിൽ സംസ്ഥാന ഗവൺമെന്റിന്റെ സഹായത്തോടെ 1.626 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസ് ഫ്ലൈഓവർ ഉൾപ്പെടെയുള്ള പദ്ധതിയാണ്. ദേശീയപാതയിൽ പഞ്ചായത്ത് ഓഫീസ് വളവിൽ നിന്നാരംഭിച്ച് പൂതക്കുഴിയിൽ ഫാബീസ് ഓഡിറ്റോറിയത്തിനുസമീപം എത്തിച്ചേരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
നിലവിൽ റോഡ് നിരപ്പിൽ മണ്ണെടുത്തു മാറ്റുന്നതിനൊപ്പം കല്ലുകൾ പൊട്ടിച്ചു മാറ്റുന്ന ജോലികളുമാണ് ബൈപാസുമായി ബന്ധപ്പെട്ടു നടന്നു വരുന്നത്. റോഡിന്റെ സംരക്ഷണഭിത്തിയുടെ നിർമാണവും ഇതോടൊപ്പം നടക്കുന്നുണ്ട്.
2025 മാർച്ച് മൂന്നിനുള്ളിൽ പൂർത്തിയാക്കുന്ന രീതിയിലാണ് ബൈപാസിന്റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്.