ഐരാറ്റുനട ഭാഗത്തുള്ള റോഡിലെ ടാറിംഗ് പൊളിഞ്ഞതു നന്നാക്കാന്‍ നടപടിയായി
1444758
Wednesday, August 14, 2024 3:08 AM IST
കോട്ടയം: കോട്ടയം - കുമളി ദേശീപാതയില്‍ മണര്‍കാട് ഐരാറ്റുനട ഭാഗത്തുള്ള റോഡിലെ ടാറിംഗ് പൊളിഞ്ഞതു നന്നാക്കാന്‍ നടപടിയായി. ദിവസവും നൂറുകണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന ഈ റോഡില്‍ ഐരാറ്റുനടയില്‍ ടാറിംഗ് ഭാഗം ഇടിഞ്ഞ് താഴുകയായിരുന്നു. അതിനാല്‍ ഇവിടം ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ഉടന്‍ നവീകരിക്കുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു.
ടാറിംഗിലെ വിള്ളല്‍ മൂലം ബൈക്ക് യാത്രക്കാരനായ മണര്‍കാട് സ്വദേശി വീണു പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞദിവസം ദേശീയ പാത അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നവീകരിച്ചു റോഡിലെ അപകട ഭീഷണി ഒഴിവാക്കാന്‍ തീരുമാനിച്ചത്. മണര്‍കാട് പള്ളിയിലെ തിരുനാളിനു മുന്നോടിയായി 31 നുള്ളില്‍ പാതയുടെ ടാറിംഗ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇരു വശങ്ങളും പാടശേഖരങ്ങളോട് ചേര്‍ന്നുള്ള ഐരാറ്റുനടയില്‍ 2018ലെ പ്രളയത്തിനുശേഷമാണ് റോഡ് ഇടിഞ്ഞു താഴ്ന്നു തുടങ്ങിയത്. ഇതോടെ കഴിഞ്ഞ വര്‍ഷം റോഡിന്റെ വശങ്ങള് സംരക്ഷണഭിത്തി കെട്ടി ഉറപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടാറിംഗ് നടത്തിയിരുന്നില്ല. ഇതാണ് അപകട കെണിയായി മാറിയത്. ഉടന്‍ തന്നെ ടാറിംഗ് നടപടികള്‍ ആരംഭിക്കും.