പുതുമോടിയിൽ മണർകാട് കത്തീഡ്രൽ
1444754
Wednesday, August 14, 2024 3:08 AM IST
മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ നവീകരണം പൂർത്തിയായി. സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ ആചരിക്കുന്ന ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചാണ് നവീകരണം നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നാനാജാതി മതസ്ഥരായ ആയിരങ്ങളാണ് എട്ടുനോമ്പ് ആചരണത്തിനും പെരുന്നാളിനുമായി ഒഴുകിയെത്തുക.
16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് ശൈലിയിൽ നിർമിച്ച ദേവാലയത്തിന്റെ പഴമയും പൗരാണികതയും നഷ്ടപ്പെടാതെയാണ് മോടികൂട്ടിയിരിക്കുന്നത്. കത്തീഡ്രലിന്റെ ഉൾഭാഗത്തെ പാനലിംഗ്, ലൈറ്റിംഗ് ഉൾപ്പെടെയുള്ള നവീകരണ പണികളാണ് കഴിഞ്ഞ രണ്ടുമാസം കൊണ്ടു പൂർത്തീകരിച്ചത്. പള്ളിയുടെ ഉൾഭാഗത്ത് തേക്കുതടി കൊണ്ടുള്ള വോൾ പാനലിംഗും റൂഫിംഗും ചെയ്തു. മേൽക്കൂരയിൽ കൂടുതൽ അലങ്കാരങ്ങൾ വരച്ചു വർണാഭമാക്കി. പള്ളിക്കുള്ളിലെ തൂണുകളിൽ മാർബിൾ ഡിസൈൻ നൽകി വ്യത്യസ്തമാക്കി. തൂണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആർച്ചുകൾക്ക് സ്വർണ വർണത്തോടെയുള്ള അലങ്കാരങ്ങൾ നൽകി മനോഹരമാക്കി. പള്ളിയുടെ പെയിന്റിംഗും പൂർത്തിയാക്കി.
അതിമനോഹരമായി നവീകരിച്ച ദേവാലയത്തിന്റെ കൂദാശ ഇന്നു നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന കൂദാശയ്ക്കും സന്ധ്യാപ്രാർഥനയ്ക്കും മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ പ്രധാന കാർമികത്വം വഹിക്കും. നവീകരണത്തിനു ശേഷമുള്ള പ്രഥമകുർബാനയും വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും 15ന് നടക്കും. മംഗലാപുരം ഭദ്രാസനാധിപനും ഹോണവോർ മിഷൻ ചീഫ് കോ-ഓർഡിനേറ്ററുമായ യാക്കോബ് മാർ അന്തോണിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ 15ന് രാവിലെ ഏഴിന് മൂന്നിന്മേൽ കുർബാനയും വാങ്ങിപ്പുപെരുന്നാൾ ശുശ്രൂഷയും നടക്കും.
വികാരി ഇ.ടി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ടിയാടത്ത്, പ്രോഗ്രാം കോഓർഡിനേറ്റർ കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത്, ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം പഴയിടത്ത് വയലിൽ, വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.