കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്തില്ലെന്ന് പ്രതിപക്ഷം; ബജറ്റ് നിര്‍ദേശമെന്ന് ഭരണപക്ഷം
1444752
Wednesday, August 14, 2024 3:08 AM IST
ചങ്ങനാശേരി: മുഖം മിനുക്കുന്ന പഴയ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാള്‍ ബലക്ഷയം നേരിടുന്നതെന്ന് എന്‍ജിനിയറിംഗ് വിഭാഗം.
കഴിഞ്ഞ 27ന് ചേര്‍ന്ന മുനിസിപ്പല്‍ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് മുനിസിപ്പല്‍ എന്‍ജിനിയറും അസിസ്റ്റന്റ് എന്‍ജിനിയറും പഴയ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാള്‍ കെട്ടിടത്തിനു ബലക്ഷയമുണ്ടെന്ന് അറിയിച്ചത്. കെട്ടിടം ബലപ്പെടുത്തണമെന്ന് ഇവര്‍ നിര്‍ദേശിച്ചിരുന്നതായും നഗരസഭാ പ്രതിപക്ഷ നേതാവ് ജോമി ജോസഫ് പറഞ്ഞു. പഴയ കൗണ്‍സില്‍ ഹാള്‍ നവീകരിക്കുന്നതു സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജോമി ചൂണ്ടിക്കാട്ടി.
അമ്പതുലക്ഷം രൂപ മുടക്കി ചങ്ങനാശേരി നഗരസഭാ കാര്യാലയത്തിലെ പഴയ കൗണ്‍സില്‍ ഹാള്‍ നവീകരിക്കുന്നതായി ദീപിക പ്രസിദ്ധീകരിച്ച വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2020ല്‍ നിര്‍മിച്ച പുതിയ കൗണ്‍സില്‍ ഹാള്‍ നിലനില്‍ക്കേയാണ് സൗകര്യങ്ങളുടെ അപര്യാപ്തതയും ഹാളിലെ ചൂടും ചൂണ്ടിക്കാട്ടി കൗണ്‍സില്‍ യോഗങ്ങള്‍ക്കുവേണ്ടി പഴയ ഹാള്‍ ആധുനിക എയര്‍കണ്ടീഷന്‍ സൗകര്യത്തോടുകൂടി നവീകരിക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അരക്കോടിയിലേറെ രൂപ മുടക്കി നിര്‍മിച്ച കൗണ്‍സില്‍ ഹാള്‍ ഉള്ളപ്പോള്‍ വീണ്ടും അരക്കോടിയോളം രൂപമുടക്കി പഴയ കൗണ്‍സില്‍ ഹാള്‍ നവീകരിക്കുന്നതിനെതിരേ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍, കെട്ടിടത്തിനു ബലക്ഷയമില്ലെന്നും കഴിഞ്ഞ ബജറ്റിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സില്‍ യോഗത്തിനുള്ള ഹാള്‍ നവീകരിക്കുന്നതെന്നും ചെയര്‍പേഴ്സണ്‍ ബീന ജോബിയും വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജും പറഞ്ഞു. ഫ്രണ്ട് ഓഫീസ് നവീകരണത്തിന്റെ ഭാഗമെന്ന നിലയില്‍ ആദ്യഘട്ടമായാണ് കൗണ്‍സില്‍ഹാള്‍ നവീകരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.