മുളക്കുളം -വെള്ളൂർ ചന്തപ്പാലം റോഡ് ഗതാഗതയോഗ്യമാക്കണം; വ്യാപാരികൾ ധർണ നടത്തി
1444747
Wednesday, August 14, 2024 2:49 AM IST
വെള്ളൂർ: കുണ്ടുംകുഴിയുമായി തകർന്ന് ഗതാഗതം ദുഷ്കരമായ മുളക്കുളം വെള്ളൂർ ചന്തപ്പാലം എഴുമാന്തുരുത്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെള്ളൂരിലെയും മിഠായിക്കുന്നത്തേയും വ്യാപാരികൾ കടകളടച്ച് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. വെള്ളൂർ പഞ്ചായത്ത് ഓഫീസിനു സമീപം നടന്ന ധർണ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ജെ. മാത്യു അധ്യക്ഷത വഹിച്ചു.
യാത്രാദുരിതം തുടരുന്ന സാഹചര്യത്തിൽ സർക്കാർ കരാർ റദ്ദാക്കി പുതിയ കരാറുകാരനെ പണി ഏൽപ്പിച്ചു ദ്രുതഗതിയിൽ റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളൂർ, മിഠായിക്കുന്നം യൂണിറ്റുകൾ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി കെ.കെ. മാത്യു, ട്രഷറർ പി.കെ. ഷാജി, വൈസ് പ്രസിഡന്റ് കെ. ഗോപൻ, ജോയിന്റ് സെക്രട്ടറി കെ.കെ. പ്രതാപൻ, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക,പഞ്ചായത്ത് അംഗങ്ങളായ ആർ. നികിതകുമാർ, കുര്യക്കോസ് തോട്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.
നിലവിലെ കരാറുകാരനെ നീക്കി പുതിയ ടെണ്ടർ വിളിക്കും
വെള്ളൂർ: വെള്ളപ്പൊക്ക ദുരിതം നേരിടുന്ന പ്രദേശത്തെ പ്രധാന പാതയെന്ന നിലയിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് മുളക്കുളം വെള്ളൂർ ചന്തപ്പാലം എഴുമാൻതുരുത്ത് റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമിക്കാൻ പദ്ധതി തയാറാക്കിയത്. മുളക്കുളം, വെള്ളൂർ, തലയോലപ്പറമ്പ്, കടുത്തുരുത്തി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന് 24 കിലോമീറ്റർ ദൈർഘ്യമാണുള്ളത്.
ജർമൻ സാമ്പത്തിക സഹായമായ 112 കോടി രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. നിർമാണക്കരാർ ഏറ്റെടുത്ത കമ്പനിക്ക് ഇതിനകം 36 കോടി രൂപ ലഭിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞതോടെ ജനരോഷം ശക്തമായി. ഒരു വർഷത്തിനകം പൂർത്തിയാകേണ്ട റോഡ് വിവിധ ഡിപ്പാർട്ടുമെന്റുകളുടെ തർക്കവും കരാറുകാരന്റെ അനാസ്ഥയും മൂലം രണ്ടുവർഷം പിന്നിട്ടിട്ടും പാതിവഴിയിലാണ്.
ഏതാനും മീറ്ററുകൾ ഒന്നിടവിട്ടു കോൺക്രീറ്റു ചെയ്ത റോഡിലെ കയറ്റിറക്കങ്ങളും കുഴികളും യാത്ര ദുരിതപൂർണമാക്കുകയും വാഹനങ്ങൾക്ക് യന്ത്രത്തകരാർ ഉണ്ടാക്കുകയും ചെയ്യുന്നു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിർമിക്കുന്ന കലുങ്കുകളുടെ നിർമാണവും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
പദ്ധതി നിർവഹണവുമായി മുന്നോട്ടുപോകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കരാറുകാരനെ ഒഴിവാക്കി പുതിയ ടെണ്ടർ വിളിച്ച് കരാർ നൽകി റോഡ് നിർമാണം പൂർത്തീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ കരാറുകാരനു നിർമാണ ചുമതല കൈമാറാൻ ആറുമാസത്തിലധികമെടുക്കുമെന്ന് അധികൃതർ പറയുന്നു.
കെ. എൻ. സോണിക വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ്
നാലു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചതിനെ ത്തുടർന്ന് ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. റോഡ് സഞ്ചായോഗ്യമാക്കുന്നതിന് കെഎസ്ടിപി അധികൃതർ എസ്റ്റിമേറ്റ് തയാറാക്കി വരികയാണെന്നും കുഴികളടച്ച് റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നും സി.കെ. ആശ എംഎൽഎ അറിയിച്ചിട്ടുണ്ട്.
സുലേഖ ബാബു സാമൂഹ്യ പ്രവർത്തക
റോഡിന്റെ തകർച്ച ജനജീവിതത്തിനു പുറമേ വിനോദ സഞ്ചാരത്തെയും പ്രതികൂലമായി ബാധിച്ചു. റോഡിന്റെ ഒന്നിടവിട്ട ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്തും കലുങ്കുകളുടെ പണി പാതിയിൽ നിർത്തിയതും ഗതാഗതം ദുഷ്കരമാക്കിയിരിക്കുകയാണ്. റോഡ് നിർമാണം ഉടൻ പൂർത്തിയാക്കി ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം.