കര്‍ണാടക സ്വദേശി സഹായം കൈപ്പറ്റിയ സംഭവത്തില്‍ ദുരൂഹത
1444744
Wednesday, August 14, 2024 2:49 AM IST
കടുത്തുരുത്തി: ശമ്പളം ചോദിച്ചതിന് ഉടമയായ ലോറി ഡ്രൈവര്‍ വാഹനത്തില്‍നിന്ന് വഴിയില്‍ ഇറക്കിവിട്ടുവെന്നു പറഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍നിന്നും കര്‍ണാടക സ്വദേശി സഹായം കൈപ്പറ്റിയ സംഭവത്തില്‍ ദുരൂഹത. കര്‍ണാടക സ്വദേശിയാണെന്നും ജോസഫെന്നാണ് പേരെന്നും പറഞ്ഞാണ് ഞായറാഴ്ച ഒരാള്‍ കുറുപ്പന്തറ കവലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍നിന്നും സഹായം പറ്റിയത്.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ജോസഫ് എന്ന പേര് പറഞ്ഞയാള്‍ മുഷിഞ്ഞ വേഷത്തില്‍ അവശനായി കുറുപ്പന്തറ കവലയിലെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെയാണ് ഇയാളുടെ വിവരങ്ങള്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ ചോദിച്ചറിഞ്ഞത്.
താന്‍ കര്‍ണാടകയില്‍നിന്നു തിരുവനന്തപുരത്ത് ലോഡുമായെത്തിയ ലോറിയിലെ ക്ലീനറായിരുന്നുവെന്നും ശമ്പളം ചോദിച്ചത് ഇഷ്ടപ്പെടാതെ ലോറിയുടമ കൂടിയായ ഡ്രൈവര്‍ കോട്ടയത്തുവച്ച് തന്നെ ലോറിയില്‍നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. ശമ്പളം ചോദിച്ചതിനെത്തുടര്‍ന്ന് 10 രൂപ തന്നിട്ടു സിഗരറ്റു വാങ്ങിവരാന്‍ ലോറിയുടമ ആവശ്യപ്പെട്ടുവെന്നും കടയിലേക്ക് താന്‍ കയറുന്നതിനിടെ ഉടമ ലോറി ഓടിച്ചു പോവുകയായിരുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞത്.
പഴ്സ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവയടങ്ങിയ തന്റെ ബാഗ് ലോറിയിലാണെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്നു കോട്ടയത്തുനിന്നും ട്രെയിനില്‍ കയറിയതന്നെ ടിക്കറ്റ് എടുക്കാത്തതിനാല്‍ കുറുപ്പന്തറ സ്റ്റേഷനില്‍ ഇറക്കിവിട്ടതാണെന്നും ഇയാൾ പറഞ്ഞു. ഇയാളുടെ ദുരിതം കേട്ട് അലിവുതോന്നിയ കുറുപ്പന്തറ കവലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഇയാള്‍ക്ക് ഭക്ഷണം വാങ്ങിച്ചുകൊടുത്തു. മംഗലാപുരത്തെത്തിയാല്‍ അവിടെനിന്നു നാട്ടില്‍ പൊയ്ക്കോളാമെന്ന് പറഞ്ഞതോടെ കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ വേളാങ്കണ്ണിഎക്സ്പ്രസിന് എറണാകുളം വരെയുള്ള ടിക്കറ്റ് എടുത്തുകൊടുത്തു.
അവിടെനിന്ന് മലബാര്‍ എക്സ്പ്രസ് മംഗലാപുരം വരെയുള്ള 150 രൂപ ടിക്കറ്റ് ചാര്‍ജും ഉള്‍പ്പെടെ 520 രൂപയും നല്കി പറഞ്ഞയയ്ക്കുകയായിരുന്നു. നാട്ടിലെത്തിയിട്ട് വിളിക്കാമെന്നുപറഞ്ഞ ഇയാള്‍ ഓട്ടോറിക്ഷ തൊഴിലാളിയായ സി.ആര്. രഞ്ജിത്തിന്റെ ഫോണ്‍ നമ്പറും വാങ്ങിയിരുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും ഇയാള്‍ രഞ്ജിത്തിനെ വിളിച്ചില്ല. ഓട്ടോറിക്ഷ തൊഴിലാളികള്‍ ഇയാളുടെ ഫോണ്‍നമ്പര്‍ വാങ്ങാനും മറന്നു. മൂന്ന് മാസം മുമ്പ് കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ ഒരാളെത്തിയിട്ട് സമാനരീതിയില്‍ കാര്യങ്ങള്‍ നടന്നതായി പറഞ്ഞു സഹായം തേടിയിരുന്നു. അന്നും ലോറിയുടെ ക്ലീനറാണെന്നും ശന്പളം ചോദിച്ചപ്പോള്‍ ഇഷ്ടപ്പെടാതെ, സിഗരറ്റ് വാങ്ങാന്‍ ഇറക്കി വിടുകയും ഈ സമയം ലോറി ഓടിച്ചു പോയെന്നുമാണ് അയാള്‍ പോലീസിനോടു പറഞ്ഞത്.
ഏറ്റൂമാനൂരിന് സമീപം ഇറക്കിവിട്ടെന്നാണ് അന്നു വന്നയാള്‍ പറഞ്ഞതെന്ന് കടുത്തുരുത്തി സ്റ്റേഷനിലെ പോലീസുകാര്‍ പറയുന്നു. അന്ന് പോലീസുകാരാണ് അയാളെ പണം നല്കി അവിടെ നിന്നും പറഞ്ഞുവിട്ടത്. സമാനരീതിയിലാണ് രണ്ടു തവണയും നടന്ന കാര്യങ്ങള്‍ അവതരിപ്പിച്ചതെന്നതും സഹായം ലഭിച്ചുപോയ ആള് ഇത്രസമയം കഴിഞ്ഞിട്ടും സഹായിച്ച ഓട്ടോ ഡ്രൈവര്‍മാരെ വിളിക്കാന്‍ തയാറായില്ലെന്നതും സംശയത്തിനിടയാക്കിയിരിക്കുകയാണ്. കൂടാതെ പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ കടുത്തുരുത്തിയിലോ, മറ്റേതെങ്കിലും സ്റ്റേഷനിലോ ഇയാള്‍ എത്തിയതായി പോലീസുകാരും അറിഞ്ഞിട്ടില്ല.