സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി കോട്ടയം
1444666
Wednesday, August 14, 2024 12:04 AM IST
കോട്ടയം: സ്വാതന്ത്ര്യദിനാഘോഷത്തിനു ജില്ലയൊരുങ്ങി. നാളെ രാവിലെ 8.25 മുതല്‍ ചടങ്ങുകള്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ ഒന്‍പതിന് മന്ത്രി ജെ. ചിഞ്ചുറാണി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് പരിശോധിക്കും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ലഹരിവിമുക്ത പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുക്കും.
20 പ്ലാറ്റൂണുകളാണ് ജില്ലാതല പരേഡില്‍ പങ്കെടുക്കുക. പോലീസ്- മൂന്ന്, ഫോറസ്റ്റ്-ഒന്ന്, എക്സൈസ്-ഒന്ന്, എന്‍സിസി - മൂന്ന്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്-മൂന്ന്, ജൂണിയര്‍ റെഡ്ക്രോസ്-മൂന്ന്, സ്കൗട്ട്സ്-രണ്ട്, ഗൈഡ്സ്- രണ്ട്, ബാന്‍ഡ് സെറ്റ് -രണ്ട് എന്നീ പ്ലാറ്റൂണുകളാണ് പരേഡില്‍ പങ്കെടുക്കുക.
പാലാ എസ്എച്ച്ഒ ജോബിന് ആന്റണിയാണ് പരേഡ് കമാന്‍ഡര്‍. മൗണ്ട് കാര്‍മല്‍ ജിഎച്ച്എസ്എസ്, ബേക്കര്‍ മെമ്മോറിയല്‍ എച്ച്എസ്എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് എന്നിവര്‍ പങ്കെടുക്കും.
സായുധസേന പതാകനിധിയിലേക്ക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന നല്കിയ കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ ഹൈസ്കൂള്‍ (വിദ്യാഭ്യാസസ്ഥാപന വിഭാഗം), ജില്ലാ രജിസ്ട്രാര്‍ (ജനറല്‍)(വിദ്യാഭ്യാസഇതരസ്ഥാപന വിഭാഗം) എന്നിവര്‍ക്കുള്ള ട്രോഫികള്‍ ചടങ്ങില്‍ സമ്മാനിക്കും.
പൊതുനിര്‍ദേശങ്ങള്‍
ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ 2002 ലെ പതാക നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായും പാലിക്കണം. പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ദേശീയ പതാകയുടെ നിര്‍മാണം, വിതരണം, വില്പന, ഉപയോഗം എന്നിവയ്ക്ക് നിരോധനമുണ്ട്. ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോകോള്‍ പാലിക്കണം.
ദേശീയപതാക ഉയര്‍ത്തല്‍
രാവിലെ ഒന്‍പതിന്
കോട്ടയം: രാവിലെ ഒന്‍പതിനോ അതിനുശേഷമോ ദേശീയ പതാക ഉയര്‍ത്താം. ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രസിഡന്റും നഗരസഭകളില്‍ നഗരസഭാധ്യക്ഷരും പഞ്ചായത്തുകളില്‍ പ്രസിഡന്റുമാണ് ദേശീയ പതാക ഉയര്‍ത്തേണ്ടത്. ഓഫീസുകള്‍, വിദ്യാലയങ്ങള്‍, ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപന മേധാവി പതാക ഉയര്‍ത്തണം.
വിശിഷ്ടാതിഥിയുടെ സ്വാതന്ത്ര്യദിന സന്ദേശം, ദേശീയഗാനം, ദേശഭക്തി ഗാനങ്ങളുടെ ആലാപനം എന്നിവ ഇതോടനുബന്ധിച്ച് നടത്തണമെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കോളജുകള്‍, സ്കൂളുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ പങ്കെടുക്കണം.