മാര്‍ക്കറ്റ് വിട്ടുനിന്ന് റബര്‍വില ഇടിക്കാന്‍ ഗൂഢനീക്കം
1444665
Wednesday, August 14, 2024 12:04 AM IST
കോട്ടയം: റബര്‍ വില ഇടിക്കാന്‍ വ്യവസായികളുടെയും റബര്‍ ബോര്‍ഡിന്റെയും സംഘടിത നീക്കം. ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റ് മാര്‍ക്കറ്റ് നിരക്ക് 255 രൂപയില്‍ നിന്ന് 240 രൂപയിലേക്ക് താഴ്ന്നു. റബര്‍ ബോര്‍ഡ് വിലയേക്കാള്‍ മൂന്നു രൂപ താഴ്ത്തിയാണ് വ്യാപാരികള്‍ ഇന്നലെ ചരക്ക് വാങ്ങിയത്.
ഇന്നലെ റബര്‍ ബോര്‍ഡ് വില ആര്‍എസ്എസ് നാല് ഗ്രേഡ് 243, ഗ്രേഡ് അഞ്ച് 240. റബര്‍ ബോര്‍ഡ് വിലയേക്കാള്‍ എട്ടു രൂപ വരെ ഉയര്‍ത്തി കഴിഞ്ഞയാഴ്ച വ്യാപാരികള്‍ ചരക്ക് വാങ്ങിയിരുന്നു. ഷീറ്റ് സ്റ്റോക്കില്ലാതെ ഗോഡൗണുകള്‍ കാലിയായിട്ടും വിപണി വിട്ടുനില്‍ക്കാനും വില താഴ്ത്താനുമാണ് വ്യവസായികളുടെ തീരുമാനം. ഇതിനു സഹായകരമായി റബര്‍ ബോര്‍ഡും വില താഴ്ത്തുകയാണ്.
വില ഉയരുമെന്ന പ്രതീക്ഷയില്‍ വന്‍കിട എസ്റ്റേറ്റ് ഉടമകളും ഒരു വിഭാഗം വ്യാപാരികളും ഷീറ്റ് സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും ഇത് വിപണിയിലെത്തിക്കാന്‍ വില ഇടിക്കുക മാത്രമേ നടപടിയുള്ളൂവെന്നുമാണ് വ്യവസായികളുടെ നിലപാട്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ചെറുകിട കര്‍ഷകര്‍ക്ക് റബര്‍ സ്റ്റോക്കില്ല. ചെറുകിടക്കാരില്‍ ഏറിയ ഭാഗവും ലാറ്റക്സ് വില്പനയിലേക്കു മാറുകയും ചെയ്തു.
ഇക്കൊല്ലം ജനുവരി തുടക്കത്തില്‍ 155 രൂപയായിരുന്നു ഷീറ്റ് വില. ജൂണ്‍ 12ന് വില 200 രൂപ കടന്നു. എട്ടു മാസത്തിനുള്ളില്‍ റബര്‍ ബോര്‍ഡ് വിലയില്‍ ഇക്കൊല്ലം 92 രൂപയുടെവരെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച വിപണിയില്‍ 257 രൂപയ്ക്ക് വരെ വ്യാപാരം നടക്കുകയും ചെയ്തു. വിദേശത്തുനിന്ന് രണ്ടു ലക്ഷം ടണ്‍ റബര്‍
ഒക്ടോബറിനുള്ളില്‍ എത്തുമെത്തുമെന്നാണ് വ്യവസായികളുടെ അവകാശവാദമെങ്കിലും ഇത്തരത്തില്‍ റബര്‍ ലഭിക്കാനുള്ള സാധ്യത കിഴക്കനേഷ്യന്‍ രാജ്യങ്ങളിലില്ല. തായ്ലാന്ഡിലും വിയറ്റ്നാമിലും ഉത്പാദനം ഇപ്പോഴും മെച്ചമായിട്ടില്ല. ഇവിടെനിന്ന് ലഭിക്കുന്നതാവട്ടെ ക്രംബും കോമ്പൗണ്ട് റബറുമാണ്. മെച്ചപ്പെട്ട ടയര്‍ ഉത്പാദിപ്പിക്കാന്‍ ഷീറ്റിന്റെ ചേരുവ കൂടിയേ തീരു.
ടാപ്പിംഗ് തൊഴിലാളികളുടെ ക്ഷാമവും ഷീറ്റ് സംസ്കരിക്കുന്നതിലെ ഭാരിച്ച ചെലവുമാണ് കേരളത്തില്‍ ഉത്പാദനം കുറയാന്‍ കാരണം. ഇതിനു പരിഹാരമുണ്ടായാല്‍ കേരളത്തില്‍ മാസം പതിനായിരം ടണ്‍ ഷീറ്റ് അധികമായി ഉത്പാദിപ്പിക്കപ്പെടുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഷീറ്റ് ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ വ്യവസായികള്‍ക്ക് രണ്ടോ മൂന്നോ ദിവസത്തില്‍ കൂടുതല്‍ വിപണി വിട്ടുനില്‍ക്കാനോ വില താഴ്ത്തി വാങ്ങാനോ സാധിക്കില്ല. വ്യവസായികള്‍ മാര്‍ക്കറ്റ് വിട്ടുനില്‍ക്കുന്നു എന്നതിനാല്‍ റബര്‍ ബോര്‍ഡ് വില താഴ്ത്തുന്നത് കടുത്ത അനീതിയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.