കുമ്മണ്ണൂർ-കടപ്ലാമറ്റം-വെമ്പള്ളി റോഡിന് ടെൻഡറായി
1444655
Tuesday, August 13, 2024 10:34 PM IST
കുറവിലങ്ങാട്: ഏറെനാളായി തകർന്നുകിടക്കുന്ന കുമ്മണ്ണൂർ-മാറിയിടം-കടപ്ലാമറ്റം-വയലാ-വെമ്പള്ളി റോഡിന് ശാപമോക്ഷമാകുന്നു. റോഡിന്റെ റീടാറിംഗിന് 7.5 കോടി രൂപയുടെ 4.89 ശതമാനം അധികം എസ്റ്റിമേറ്റിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി. മഴ മാറിയാലുടൻ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചതായി എൽഡിഎഫ് നേതൃത്വം പറഞ്ഞു.
റോഡിന്റെ ശോച്യാവസ്ഥയും ജനങ്ങളുടെ ദുരിതവും ജോസ് കെ. മാണി എംപിയും പ്രദേശത്തെ ഇടതുപക്ഷ മുന്നണി നേതാക്കളും മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് റോഡിന് 7.5 കോടി രൂപ അനുവദിച്ച് നിർമാണം പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശിച്ചത് .
സിപിഎം പാലാ ഏരിയ സെക്രട്ടറി പി.എം. ജോസഫ്, കേരള കോൺഗ്രസ്-എം കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ടി. കീപ്പുറം, മണ്ഡലം പ്രസിഡന്റ് ബേബി കുടിയിരുപ്പിൽ, ബാങ്ക് ഡയറക്ടർ ബോർഡംഗം തോമസ് പുളിക്കിയിൽ, എൽബി അഗസ്റ്റിൻ, മനു ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കണ്ട് സാഹചര്യങ്ങൾ ബോധ്യപ്പെടുത്തിയത്.