ഗ്രാമീണ റൂട്ടുകളില്‍ പുതിയ പെര്‍മിറ്റ് നല്‍കും; വന്‍ ജനപങ്കാളിത്തവുമായി ജനസദസ്
1444654
Tuesday, August 13, 2024 10:34 PM IST
പാലാ: പൊതുഗതാഗതസൗകര്യം പരിമിതമായ ഗ്രാമീണ റൂട്ടുകള്‍ കണ്ടെത്തി നഗരവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഗതാഗത സംരംഭത്തിനു രൂപരേഖ തയാറാക്കുന്നതിനായി ചേര്‍ന്ന ജനസദസില്‍ വന്‍ ജനപങ്കാളിത്തം. ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ഇന്നലെ മോട്ടോര്‍ വാഹനവകുപ്പ് നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ വിളിച്ചുചേര്‍ത്ത റൂട്ട് ഫോര്മുലേഷന് - ജനസദസിലേക്ക് നിര്‍ദേശങ്ങളുമായി നിരവധിപ്പേരാണെത്തിയത്.
അരുണാപുരം പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമീണ മേഖലയിലെ യാത്രാക്ലേശം സംബന്ധിച്ചു പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും പാസഞ്ചേഴ്സ് അസോസിയേഷനും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും സംഘടനാ ഭാരവാഹികളും പങ്കുവച്ചു.
ഗതാഗതരംഗത്ത് പുതിയ സംരംഭകര്‍ ഉണ്ടായാല്‍ ഗ്രാമീണ റൂട്ടുകള്‍ നിശ്ചയിച്ച് പ്രത്യേക പെര്‍മിറ്റുകള്‍ നല്‍കാനാണ് പദ്ധതിയെന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ. അജിത്കുമാര്‍ അറിയിച്ചു. പുതിയ സംരംഭകര്‍ക്ക് 25 ലക്ഷം രൂപ വായ്പയും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുത്തവര്‍ വിവിധ റൂട്ടുകളില്‍ സര്‍വീസ് ഉണ്ടാവേണ്ട ആവശ്യകത യോഗത്തില്‍ ചൂണ്ടിക്കാട്ടി. നികുതി ഇളവുകള്‍ കൂടി ഉണ്ടാവുകയാണെങ്കില്‍ പുതിയ സംരംഭകര്‍ ഉണ്ടാവുമെന്ന് പലരും പറഞ്ഞു.
യോഗത്തില്‍ നഗരസഭാ ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ കക്ഷിനേതാക്കളും മോട്ടോര്‍ വാഹനവകുപ്പ്, കെഎസ്ആര്‍ടിസി, പോലീസ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
സര്‍വീസുകള്‍ മുടക്കരുത്
കെഎസ്ആര്‍ടിസി അധികൃതരുടെ നടപടികള്‍ക്കെതിരേ പരാതികളുടെയും നിര്‍ദേശങ്ങളുടെയും പട്ടിക നിരത്തി യോഗത്തിൽ പങ്കെടുത്തവർ. സര്‍വീസുകള്‍ മുടക്കരുതെന്നാണ് പ്രധാന ആവശ്യം. നിരവധി പരാതികളാണ് യോഗത്തിനു മുമ്പാകെ എത്തിയത്. പരാതികള്‍ വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് ആർടിഒ യോഗത്തില്‍ അറിയിച്ചു. ബസുകളുടെയും ജീവനക്കാരുടെയും കുറവ് സര്‍വീസുകളെ ബാധിക്കുന്നതായും സ്റ്റേ സര്‍വീസുകള്‍ക്ക് ജീവനക്കാര്‍ തയാറാവുന്നില്ലെന്നും ജീവനക്കാര്‍ക്ക് രാത്രി വിശ്രമത്തിന് തൃപ്തികരമായ സൗകര്യം ലഭ്യമാക്കിയാല്‍ സ്റ്റേ സര്‍വീസുകള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എയ്ക്കു ലഭിച്ച പരാതികളും നടപടിക്കായി എടിഒയ്ക്ക് കൈമാറി. യാത്രക്കാരുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാന്‍ മാണി സി. കാപ്പന് നിര്‍ദേശിച്ചു.
രാമപുരം സര്‍വീസുകള്‍ തുടരണം
രാമപുരത്തേക്കു കൊണ്ടാട് വഴിയും ഏഴാച്ചേരി വഴിയും കാലങ്ങളായി ഓടുന്ന ഓര്‍ഡിനറി സര്‍ക്കുലര്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയതില്‍ സംഘടനാ ഭേദമെന്യേ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.ഏഴാച്ചേരി വഴിയുണ്ടായിരുന്ന ബസ് അതേ സമയത്തു തുടര്‍ന്നു സര്‍വീസ് നടത്താന്‍ നടപടിയുണ്ടാകണമെന്ന് ഏവരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.
ജീവനക്കാരുമായി ആലോചിച്ചശേഷം സത്വര നടപടി സ്വകരിക്കാമെന്ന് എടിഒ അറിയിച്ചു. മലയോര മേഖലയിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും സര്‍വീസുകള്‍ വേണമെന്നു മേലുകാവ്, മൂന്നിലവ്, തലനാട് എന്നിവിടങ്ങളിൽനിന്നുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. നാളുകള്‍ക്ക് മുന്‍പ് അന്തര്‍ സംസ്ഥാന പെര്‍മിറ്റ് ലഭ്യമാക്കിയിട്ടും പാലാ-കോയമ്പത്തൂര്‍ സര്‍വീസ് ആരംഭിക്കാത്തതു പാസഞ്ചേഴ്സ് അസോസിയേഷന് ചെയര്‍മാനും അഡ്വൈസറി ബോര്‍ഡ് അംഗവുമായ ജയ്സണ്‍ മാന്തോട്ടം യോഗത്തില്‍ ഉന്നയിച്ചു.