മാര്‍ സ്ലീവാ മെഡിസിറ്റി അസംപ്ഷന്‍ മെഡിക്കല്‍ സെന്റര്‍ മേലുകാവുമറ്റത്ത് പ്രവര്‍ത്തനമാരംഭിച്ചു
1444651
Tuesday, August 13, 2024 10:34 PM IST
മേലുകാവുമറ്റം: പാലാ മാര്‍ സ്ലീവാ മെഡിസിറ്റി അസംപ്ഷന്‍ മെഡിക്കല്‍ സെന്റര്‍ മേലുകാവുമറ്റത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കിഴക്കന്‍ മേഖലയുടെ ആരോഗ്യരംഗത്തിന്റെ പുരോഗതിക്കു നിര്‍ണായക സംഭാവന നല്കാന് മാര്‍ സ്ലീവാ മെഡിസിറ്റി അസംപ്ഷന്‍ മെഡിക്കല്‍ സെന്ററിനു സാധിക്കുമെന്നു ആശീര്‍വാദകര്‍മവും അധ്യക്ഷ പ്രസംഗവും നിര്‍വഹിച്ചു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
സിഎസ്ഐ ഈസ്റ്റ് കേരള ബിഷപ് റവ. വി.എസ്. ഫ്രാന്‍സിസ് ഉദ്ഘാടനം നിര്‍വഹിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ മധ്യകേരളത്തിലെ പ്രമുഖ ആശുപത്രിയായി മാറാന്‍ മാര്‍ സ്ലീവാ മെഡിസിറ്റിക്കു സാധിച്ചതായും കിഴക്കന്‍ മേഖലയിലെ ജനങ്ങളോടുള്ള കരുതലായി മാര്‍ സ്ലീവാ മെഡിസിറ്റിയുടെ കടന്നുവരവിനെ കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, മാണി സി. കാപ്പന് എംഎല്‍എ, രൂപത പ്രോട്ടോസിഞ്ചെലൂസ് മോണ്‍. ജോസഫ് തടത്തില്‍, മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, മേലുകാവുമറ്റം സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് കാരാംവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്പതുമുതല് വൈകുന്നേരം അഞ്ചുവരെ ഫാമിലി ഫിസിഷന്റെ സേവനവും വൈകുന്നേരം നാലുമുതല്‍ അഞ്ചുവരെ വിവിധ സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനവും മേലുകാവുമറ്റം മെഡിക്കല്‍ സെന്ററില്‍ ലഭ്യമാണ്. പള്‍മനറി മെഡിസിന്, റുമറ്റോളജി, നെഫ്രോളജി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, എന്‍ഡോക്രൈനോളജി, ന്യൂറോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളാണ് സെന്ററില്‍നിന്നു ലഭിക്കുന്നത്. കൂടാതെ ആധുനിക സംവിധാനമുള്ള ലബോറട്ടറി, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്കുള്ള ഹോസ്പിറ്റല്‍ അപ്പോയിന്റ്മെന്റ് ബുക്കിംഗ്, ലാബ് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ സേവനങ്ങളും അസംപ്ഷന്‍ മെഡിക്കല്‍ സെന്റർ മേലുകാവുമറ്റത്ത് ലഭ്യമാണ്. ഫോണ്‍: 9188925700.