കുറവിലങ്ങാട് ഇടവകയുടെ ബെത്ലഹേം കാന്റീനും വ്യാപാരസമുച്ചയവും നാളെ നാടിനു സമർപ്പിക്കും
1444650
Tuesday, August 13, 2024 10:34 PM IST
കുറവിലങ്ങാട്: ആയിരക്കണക്കായ തീർഥാടകർക്കുള്ള സമ്മാനമായി കുറവിലങ്ങാട് ഇടവകയുടെ ബെത്ലഹേം കാന്റീനും വ്യാപാരസമുച്ചയവും നാളെ നാടിന് സമർപ്പിക്കും. സ്വാതന്ത്ര്യദിനത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണതിരുനാളും ഇടവക ദേവാലയത്തിന്റെ കല്ലിട്ട തിരുനാളും ആഘോഷിക്കുന്നതിനിടയിൽ ഇടവകയുടെ രണ്ട് പദ്ധതികൾ സമർപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇടവക സമൂഹം.
ബെത്ലഹേം അപ്പത്തിന്റെ വീട് എന്ന പേരിലുള്ള കാന്റീൻ ദേവാലയത്തിന് സമീപമുള്ള മാർത്തോമ്മാ നസ്രാണി ഭവനോട് ചേർന്നാണ് നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. ഒരേസമയം 100 പേർക്കിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയും. എസി സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നാല്പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിലാണ് പള്ളിക്കവലയിൽ മുത്തിയമ്മ കോംപ്ലക്സ് - വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ബ്ലോക്ക് പണി തീർത്തിട്ടുള്ളത്. മൂന്നു നിലകളിലായുള്ള കെട്ടിടത്തിൽ ആധുനിക നിലവാരത്തിലുള്ള എട്ട് ഫ്ളാറ്റുകളും തീർഥാടകർക്കായി നിർമിച്ചിട്ടുണ്ട്. മതിയായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, സീനിയർ അസി. വികാരിമാരായിരുന്ന ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, റവ. ഡോ. ജേക്കബ് പണ്ടാരപറമ്പിൽ, ഇപ്പോഴത്തെ സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ എന്നിവരുടെ നേതൃത്വത്തിൽ കൈക്കാരന്മാരും നിർമാണക്കമ്മിറ്റിയും ചേർന്നാണ് നിർമാണം പൂർത്തീകരിച്ചത്.
ബെത്ലഹേം കാന്റീനിന്റെ ആശീർവാദം നാളെ വൈകുന്നേരം ആറിനും വ്യാപാരസമുച്ചയത്തിന്റെ ആശീർവാദം 6.15നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. 6.45ന് സ്നേഹവിരുന്ന്. ഏഴിന് പാലാ കമ്യൂണിക്കേഷൻസിന്റെ ഗാനമേള.