ഒളിമ്പിക്സ് സമാപനാഘോഷവും ആൽബം പ്രദർശനവും
1444624
Tuesday, August 13, 2024 10:33 PM IST
കാഞ്ഞിരപ്പള്ളി: എകെജെഎം സ്കൂളിൽ ഒളിമ്പിക്സ് സമാപനാഘോഷവും ആൽബം പ്രദർശനവും നടത്തി. വിദ്യാർഥികൾക്ക് ഒളിമ്പിക്സ് ചരിത്രവും അതിന്റെ ആശയവും അടിസ്ഥാന മൂല്യങ്ങളും അനുഭവങ്ങളും പകർന്നുനൽകിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഒളിമ്പിക്സിനെ സംബന്ധിച്ചുള്ള വാർത്തകളും അറിവുകളും വാർത്താബോർഡിൽ ദിവസംതോറും പ്രദർശിപ്പിക്കുകയുണ്ടായി. ഒളിമ്പിക്സിനെ ആസ്പദമാക്കി അനുദിന ക്വിസ് നടത്തുകയും സമാപനദിവസം മെഗാ ക്വിസ് പ്രോഗാം സംഘടിപ്പിക്കുകയും പോസ്റ്റർ, കൊളാഷ് മത്സരങ്ങൾ നടത്തുകയും ചെയ്തു.
പാരീസ് ഒളിമ്പിക്സിന്റെ സമഗ്ര വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി ഇരുന്നൂറിലധികം കുട്ടികൾ തയാറാക്കിയ ആൽബവും തുടക്കംമുതൽ അവസാനംവരെ വിവിധ പത്രങ്ങളിൽ വന്ന വാർത്തകളും ചിത്രങ്ങളും ഉൾക്കൊള്ളിച്ച് ഫാ. വിൽസൺ പുതുശേരി എസ്ജെ കുട്ടികൾക്കുവേണ്ടി തയാറാക്കിയ സമ്പൂർണ ഒളിമ്പിക്സ് ആൽബവും ശ്രദ്ധേയമായി. പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്ജെ, വൈസ് പ്രിൻസിപ്പൽ ഫാ. ജോസ് തച്ചിൽ എസ്ജെ, കായികാധ്യാപകൻ ടോമി ജോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.