കാട്ടുപന്നി ശല്യം: നടപടികൾ വേഗത്തിലാക്കണമെന്ന് കർഷക മുന്നേറ്റ യോഗം
1444607
Tuesday, August 13, 2024 7:14 AM IST
നെടുംകുന്നം: വ്യാപകമായ കൃഷിനാശം ഉണ്ടാക്കുന്ന കാട്ടുപന്നികളെ പിടികൂടുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കർഷകമുന്നേറ്റ യോഗം ആവശ്യപ്പെട്ടു.
നെടുംകുന്നം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. നിലവിൽ കാട്ടുപന്നിയെ വെടിവയ്ക്കുന്നതിനുള്ള ലൈസൻസ് ഉള്ളവർ വരുന്നത് ദൂരെ സ്ഥലങ്ങളിൽ നിന്നുമാണ്. മാത്രവുമല്ല പിടികൂടുന്ന കാട്ടുപന്നികളെ പെട്രോൾ ഒഴിച്ചു കത്തിക്കുന്നതിനാണ് നിർദേശം.
ഇതു രണ്ടും പ്രായോഗികമല്ലെന്നു യോഗം അഭിപ്രായപ്പെട്ടു. കൃഷിയിടങ്ങളിൽ അതിക്രമിച്ചു കയറുന്ന കാട്ടുപന്നികളെ പിടികൂടുന്നതിനുള്ള ലൈസൻസ് പഞ്ചായത്തിലുള്ളവർക്കു തന്നെ നൽകണം. പിടികൂടുന്ന കാട്ടുപന്നികളെ സ്ഥലത്തുവച്ചുതന്നെ ഗ്രാമപഞ്ചായത്തധികൃതരുടെ സാന്നിധ്യത്തിൽ പരസ്യമായി ലേലം ചെയ്തു ലേലത്തുക ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിലേക്ക് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
കാട്ടുപന്നി ശല്യം മൂലം കർഷകർ കൂട്ടമായി കൃഷിയിൽനിന്നു പിന്മാറുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് കർഷക മുന്നേറ്റയോഗം ആവശ്യപ്പെട്ടു.
ജോസ് വഴിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്തംഗം എൻ. അജിത് മുതിരമല ഉദ്ഘാടനം ചെയ്തു. അഡ്വ.പി.സി. മാത്യു, ബാബു ജോൺസൺ കോശി, സുരേഷ് ഓണാട്ട്, ജോസഫ് ജോൺ അക്കരപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.