ചങ്ങനാശേരി നഗരസഭാ കാര്യാലയത്തില്‍ പഴയ കൗണ്‍സില്‍ ഹാള്‍ നവീകരിക്കുന്നു
1444603
Tuesday, August 13, 2024 7:14 AM IST
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭാ കാര്യാലയത്തില്‍ പഴയ കൗണ്‍സില്‍ ഹാള്‍ നവീകരിക്കുന്നു. അമ്പതുലക്ഷം രൂപ മുടക്കിയാണ് പഴയ കൗണ്‍സില്‍ ഹാള്‍ നവീകരിക്കുന്നത്. 2020ല്‍ നിര്‍മിച്ച പുതിയ കൗണ്‍സില്‍ ഹാള്‍ നിലനില്‍ക്കേയാണ് സൗകര്യങ്ങളുടെ അപര്യാപ്തതയും ഹാളിലെ ചൂടും ചൂണ്ടിക്കാട്ടി കൗണ്‍സില്‍ യോഗങ്ങള്‍ക്കുവേണ്ടി പഴയ ഹാള്‍ ആധുനികമായി നവീകരിക്കുന്നത്. എയര്‍ കണ്ടീഷന്‍ സൗകര്യത്തോടുകൂടിയാണ് നവീകരണം.
പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഗ്രൗണ്ട് ഫ്ളോറിലുള്ള ജനറല്‍, റവന്യു വിഭാഗങ്ങള്‍ നിലവിലുള്ള കൗണ്‍സില്‍ ഹാളിലേക്കു മാറ്റി സ്ഥാപിക്കതിനും നഗരസഭാധികൃതർ ആലോചിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ എത്തുന്നവര്‍ക്കായി ഗ്രൗണ്ട് ഫ്ളോറില്‍ ഇരിപ്പിടങ്ങള്‍, കുടിവെള്ളം, ടിവി തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ ചെയര്‍മാനായിരിക്കെ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തി ശിലാഫലകം സ്ഥാപിച്ചിരുന്നു. 2020-21ല്‍ സാജന് ഫ്രാന്‍സിസ് ചെയര്‍മാനായിരുന്ന കാലത്ത് ഇന്റീരിയര്വര്ക്കും ഫര്‍ണിച്ചറുകളും സ്ഥാപിച്ച് രണ്ടാമത്തെ ഉദ്ഘാടനം നടത്തിയതിന്റെയും ശിലാഫലകം ഈ ഹാളിനു മുമ്പില്‍ ദൃശ്യമാണ്. ഈ ഹാളിന്റെ ഉദ്ഘാടനച്ചടങ്ങ് അന്ന് പ്രതിപക്ഷം അലങ്കോലപ്പെടുത്തിയിരുന്നു. 50 ലക്ഷത്തോളം രൂപ മുടക്കിയാണ് അന്ന് കൗണ്‍സില്‍ ഹാള്‍ രൂപകല്പന ചെയ്തിരുന്നത്.
കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി ഇവിടെയാണ് കൗണ്‍സില്‍ യോഗങ്ങള്‍ നടന്നിരുന്നത്. നിലവില്‍ മൂന്നുനിലയിലുള്ള കൗണ്‍സില്‍ ഹാള്‍ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ അമ്മയും കുഞ്ഞും ഹെല്‍ത്ത് വിഭാഗവും തൊട്ടുമുകളില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഓഫീസും അതിനുമേല്‍ കൗണ്‍സില്‍ ഹാളുമാണുള്ളത്.
നിലവിലുള്ള കൗണ്‍സില്‍ ഹാളിലേക്ക് ചില ഓഫീസുകള്‍ മാറ്റുന്നതിനൊപ്പം മീറ്റിംഗുകള്‍ സംഘടിപ്പിക്കുന്നതിനുള്ള കോണ്‍ഫറന്‍സ് ഹാളും സജ്ജമാക്കുമെന്ന് ചെയര്‍പേഴ്സണ്‍ ബീനാ ജോബി പറഞ്ഞു. ചിങ്ങം ഒന്നിന് തുറക്കത്തക്കവിധമാണ് കൗണ്‍സില്‍ ഹാളിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. നഗരസഭ സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യത്തില്‍ അരക്കോടി രൂപ മുടക്കി പഴയ കൗണ്‍സില്‍ നവീകരിക്കുന്നതിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.