വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിറയും പുത്തരിയും ഭക്തിനിർഭരമായി
1444600
Tuesday, August 13, 2024 7:03 AM IST
വൈക്കം: ആചാര പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിൽനടന്ന നിറയും പുത്തരിയും ഭക്തിസാന്ദ്രമായി. മേൽശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി, ടി.എസ്. നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, ജിഷ്ണു ദാമോധരൻ എന്നിവരുടെ കാർമികത്വത്തിൽ നടന്ന വിശേഷാൽ പൂജകൾക്കുശേഷം നിറപുത്തരിയും വൈക്കത്തപ്പനും ഉപദേവതമാർക്കും സമർപ്പിച്ചു. പൂജിച്ച കതിർ ഭക്തർക്ക് പ്രസാദമായി നൽകി.
പുന്നെല്ലുകൊണ്ടുള്ള നിവേദ്യവും പ്രാതലും നടത്തി. ഐശ്വര്യത്തിനും കാർഷിക സമൃദ്ധിയുടെ പ്രതീകവുമായാണ് നിറപുത്തരി ആഘോഷിക്കുന്നത്. നിറപുത്തരിക്ക് ആവശ്യമായ കതിർക്കറ്റകൾ തമിഴ്നാട്ടിൽനിന്നാണ് കൊണ്ടുവന്നത്. ഇല്ലി, നെല്ലി, ആലില, പ്ലാവില, മാവില തുടങ്ങിയ ഇലകൾക്കൊപ്പമൊരുക്കിയ 15,000 കതിർകറ്റകളാണ് ഭക്തർക്ക് നൽകിയത്. അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ വി. ഈശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ടിവി പുരം ശ്രീരാമ ക്ഷേത്രത്തിലെ ഭക്തരാണ് നിറയും പുത്തരിയും ഒരുക്കിയത്.
ഒരുക്കിയ കതിർകറ്റകൾ വ്യാഘപാദ തറയിലെത്തിച്ചു. വിശേഷാൽ പൂജകൾ നടത്തിയശേഷം കതിർകറ്റകൾ വെള്ളി ഉരുളിയിലാക്കി മേൽശാന്തി ശിരസിലേറ്റി വല്ലം നിറ മന്ത്രങ്ങൾ ഉരുവിട്ട് ഇടതു കൈയിലുള്ള മണികിലുക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം നടത്തി മണ്ഡപത്തിൽ പ്രവേശിച്ച് ചടങ്ങുകൾ പൂർത്തിയാക്കി.
വടക്കേനട കൃഷ്ണൻ കോവിലിൽ മേൽശാന്തി സുരേഷ് ആർ. പോറ്റി, കൂട്ടുമ്മേൽ ദേവീ ക്ഷേത്രത്തിൽ മേൽശാന്തി ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി, ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മേൽശാന്തി ഉമേഷ് നമ്പൂതിരി, മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ഊരാഴ്മ ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി ശ്രീകുമാരൻ പോറ്റി എന്നിവർ കാർമികത്വം വഹിച്ചു.