മാംഗോ മെഡോസ് പരിസ്ഥിതി രത്ന പുരസ്കാരം സഹോദരങ്ങളായ ലയ മരിയയ്ക്കും ലീന്‍ ബി. പുളിക്കനും
1444599
Tuesday, August 13, 2024 7:03 AM IST
കോട്ടയം: മാംഗോ മെഡോസ് പ്രഥമ പരിസ്ഥിതി രത്ന പുരസ്കാരം കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ലയ മരിയ ബിജുവിനും സഹോദരന് ആറാം ക്ലാസ് വിദ്യാര്‍ഥി ലീന്‍ ബി. പുളിക്കനും.
17നു വൈകുന്നേരം നാലിനു മാംഗോ മെഡോസ് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എയും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിലും ചേര്‍ന്നു പരിസ്ഥിതി രത്ന അവാര്‍ഡ് വിതരണം ചെയ്യും. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മോന്‍സ് ജോസഫ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.വി. സുനില്‍ അധ്യക്ഷത വഹിക്കും. ബെനഡിക്ടന്‍ സഭ സുപ്പീരിയന് ഫാ. ബിനോ ചാരിയില്‍ അനുഗ്രഹപ്രഭാഷണം നടത്തും.
കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, പഞ്ചായത്തംഗം പൗളി ജോര്‍ജ്, മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍.കെ. കുര്യന്, പരിസ്ഥിതി പ്രവര്ത്തകന് എം.എം. സലിം എന്നിവര്‍ പ്രസംഗിക്കും. എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ്ചാന്സിലര് ഡോ. സാബു തോമസ്, മുന്‍ ഡിജിപി ഡോ. ജേക്കബ് പുന്നൂസ്, ഹരിത കേരള മിഷന് മുന്‍ കോഓര്‍ഡിനേറ്റര്‍ സുജിത്ത് കരുണ്‍, എന്‍.കെ. കുര്യന്, എം.എം. സലിം എന്നിവരടങ്ങിയ സമിതിയാണു അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.