വൈക്കം താലൂക്ക് മോട്ടോര്‍ വര്‍ക്കേഴ്സ് സഹകരണ സംഘം തെരഞ്ഞെടുപ്പ്: യുഡിഎഫില്‍ ഭിന്നത
1444596
Tuesday, August 13, 2024 7:03 AM IST
കടുത്തുരുത്തി: വൈക്കം താലൂക്ക് മോട്ടോര്‍ വര്‍ക്കേഴ്സ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഭിന്നത. യുഡിഎഫ് പാനലിനെതിരേ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കേരള കോണ്‍ഗ്രസ് നേതാവ് ആയാംകുടി വാസുദേവന്‍ മത്സരരംത്ത് ഉറച്ചുനിന്നതോടെയാണ് മുന്നണിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ മത്സരം ഉറപ്പായി. ജനറല്‍ വിഭാഗത്തിലെ മൂന്ന് സ്ഥാനങ്ങളിലേക്ക് ആയാംകുടി വാസുദേവന്‍ ഉള്‍പ്പെടെ നാലുപേരാണ് മത്സരരംഗത്തുള്ളത്. ഇതോടെ ഈ മൂന്ന് സ്ഥാനങ്ങളിലേക്കു തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നിരിക്കുകയാണ്.
നിലവില്‍ യുഡിഎഫ് നേതൃത്വത്തിലുള്ള മുന്നണിയാണ് സൊസൈറ്റി ഭരിക്കുന്നത്. ഒമ്പത് സീറ്റിലേക്കാണ് ഭരണസമിതിയംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. ശേഷിക്കുന്ന 40 വയസില്‍ താഴെയുള്ള ജനറല്‍, വനിത, പട്ടികജാതി സംവരണം, വനിതാ വിഭാഗം, നിക്ഷേപക വിഭാഗം തുടങ്ങി ആറ് സീറ്റുകളിലേക്കും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഒമ്പതംഗ ഭരണസമിതിയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നതിനായി യൂഡിഎഫ് യോഗം വിളിക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നതായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍, യോഗം വിളിക്കാന്‍ തയാറാകാതെ കോണ്‍ഗ്രസ് നേതൃത്വം തങ്ങള്‍ക്ക് ഒരു വനിതാ സീറ്റ് മാത്രമാണ് നല്‍കിയതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് ആയാംകുടി വാസുദേവന്‍ മത്സരരംഗത്ത് ഉറച്ചു നില്‍ക്കുന്നതെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
എന്നാല്‍, കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ മുന്‍പും കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇപ്രാവശ്യവും തത്സ്ഥിതി തുടരാനെ കഴിയുവെന്ന് കേരള കോണ്‍ഗ്രസിനെ അറിയിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു.
കടുത്തുരുത്തി റീജണല്‍ സര്‍വീസ് സഹകരണ ബാങ്കിലും ഹൗസിംഗ് സൊസൈറ്റിയിലും യൂഡിഎഫ് പാനലില്‍ മത്സരിച്ചശേഷം ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മോട്ടോര്‍ വര്‍ക്കേഴ്സ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിക്കെതിരേ കേരള കോണ്‍ഗ്രസ് നേതാവ് മത്സരംഗത്തു വന്നത് രാഷ്ട്രീയ മര്യാദകള്‍ക്കു വിരുദ്ധമാണെന്നും കേണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 24നാണ് മോട്ടോര്‍ വര്‍ക്കേഴ്സ് സഹകരണ സംഘം തെരഞ്ഞെടുപ്പ് കടുത്തുരുത്തിയില്‍ നടക്കുന്നത്.