എ ഗ്രേഡ് തിളക്കത്തിൽ തലയോലപറമ്പ് ഡിബി കോളജ്
1444594
Tuesday, August 13, 2024 7:03 AM IST
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളജിന് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ അസസ്മെന്റ് ആൻഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) എ ഗ്രേഡ് പദവി ലഭിച്ചു. കോളജിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവിന് ഉയര്‍ന്ന സ്കോറായ 3.18 നേടിയാണ് നാക്കിന്റെ റീ അക്രഡിറ്റേഷനില്‍ എ ഗ്രേഡ് സ്വന്തമാക്കിയത്. 2017ലെ രണ്ടാം സൈക്കിളില്‍ ബി പ്ലസ് ഗ്രേഡ് നേടിയിരുന്നു.
ഇക്കുറി എ ഗ്രേഡിലേക്ക് ഉയര്‍ന്നതോടെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് യുജിസിയുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കൂടുതല്‍ ഗ്രാന്റുകളും പദ്ധതികളും കോളജിന് ലഭിക്കും.
ഉന്നത വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിനാണ് എ ഗ്രേഡ് ലഭിച്ചതെന്ന് പ്രിന്‍സിപ്പൽ ഡോ. ആര്. അനിത പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടസ്ഥതയില്‍ 1965ലാണ് ഡിബി കോളജ് സ്ഥാപിതമായത്. പാഠ്യ, പാഠ്യേതര മേഖലകളില്‍ മികവാര്‍ന്ന നേട്ടങ്ങളാണ് വര്‍ഷങ്ങളായി കോളജ് കൈവരിക്കുന്നത്.
ഒന്‍പത് ഡിപ്പാര്‍ട്ടുമെന്റുകളിലായി ഒന്‍പത് ബിരുദ കോഴ്സുകളും നാല് ബിരുദാനന്തര ബിരുദ കോഴ്സുകളും ഒരു ഇന്റഗ്രേറ്റഡ് കോഴ്സും മൂന്ന് ഗവേഷണ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.