വിലക്കിഴിവും സമ്മാനങ്ങളുമായി ഓണം ഖാദിമേളയ്ക്കു തുടക്കം
1444589
Tuesday, August 13, 2024 6:52 AM IST
കോട്ടയം: കൈത്തറി മേഖലയെ സംരക്ഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്നു സംഘടിപ്പിക്കുന്ന ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ബേക്കർ ജംഗ്ഷനിലെ ഖാദി ഗ്രാമസൗഭാഗ്യയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഡിസൈനർ വസ്ത്രങ്ങളുടെ പുറത്തിറക്കൽ ചടങ്ങും കളക്ടർ ജോൺ വി. സാമുവൽ ആദ്യവില്പനയും നിർവഹിച്ചു.
നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഖാദി ഗ്രാമവ്യവസായ ബോർഡ് അംഗങ്ങളായ കെ.എസ്. രമേഷ് ബാബു, സാജൻ തൊടുകയിൽ, കോട്ടയം ഭവൻ ഡയറക്ടർ ബി. വിന്ദ്യ എന്നിവർ പ്രസംഗിച്ചു.
നഗരസഭാംഗം സിൻസി പാറയിൽ സമ്മാനകൂപ്പൺ ഉദ്ഘാടനം നിർവഹിച്ചു. ഓരോ വീട്ടിലും ഒരു ഖാദി ഉത്പന്നം എന്ന ലക്ഷ്യത്തോടുകൂടിയാണ് മേള സംഘടിപ്പിക്കുന്നത്.