ഫ്ളാറ്റിലെ ബാൽക്കണിയിൽ കുടുങ്ങിയ കുഞ്ഞുങ്ങൾക്കും ആയയ്ക്കും രക്ഷകരായി ഫയർ ഫോഴ്സ്
1444587
Tuesday, August 13, 2024 6:52 AM IST
കോട്ടയം: ഫ്ളാറ്റിലെ ബാൽക്കണിയിൽ കുടുങ്ങിയ കുഞ്ഞുങ്ങൾക്കും ആയയ്ക്കും രക്ഷകരായി ഫയർ ഫോഴ്സ് സംഘം. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ മുട്ടമ്പലത്തെ ഫ്ലാറ്റിന്റെ നാലാം നിലയിലാണ് ഒന്നര വയസും നാല് വയസുമുള്ള കുഞ്ഞുങ്ങളും ആയയും കുടുങ്ങിപ്പോയത്
മൂവരും ബാൽക്കണിയിലെത്തിയപ്പോൾ കതക് തനിയെ അടഞ്ഞുപോയി, ബാൽക്കണിയുടെ ഗ്ലാസ് ഡോർ തുറക്കാനും കഴിഞ്ഞില്ല.
ഇതിനെത്തുടർന്നു ആയ മൂവരും കുടുങ്ങിക്കിടക്കുന്ന വിവരം താഴെ നിൽക്കുന്നവരെ ഉറക്കെ വിളിച്ചറിയിക്കുകയായിരുന്നു. ഇവരാണ് വിവരം ഫയർഫോഴ്സിനെയും കുട്ടികളുടെ മാതാപിതാക്കളെയും വിളിച്ചറിയിച്ചത്.
തുടർന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രവീൺ രാജന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി. മൂന്നാംനിലയിൽനിന്നും നാലാം നിലയിലേക്ക് സേനാംഗമായ അഖിൽ എസ്. കൃഷ്ണ കയർ ഉപയോഗിച്ച് കയറി, ഗ്ലാസ് ബ്രേക്കർ ഉപയോഗിച്ച് ബാൽക്കണിയുടെ ഗ്ലാസ്, ഒരു കൈ കയറുന്ന വലുപ്പത്തിൽ പൊട്ടിച്ച് പൂട്ടുതുറന്ന് അകത്തുകയറി കതകു തുറന്നു കൊടുത്താണ് ഇവരെ രക്ഷപ്പെടുത്തിയത്. ഭയന്നു പോയ കുട്ടികളെ സേനാംഗങ്ങൾ ആശ്വസിപ്പിച്ചാണ് മടങ്ങിയത്.