പാറമട സമീപവാസികൾക്ക് ഭീഷണി
1444585
Tuesday, August 13, 2024 6:52 AM IST
കോട്ടയം: കാണക്കാരി പട്ടിത്താനത്ത് പ്രവര്‍ത്തിക്കുന്ന പാറമട സമീപവാസികള്‍ക്കു ഭീഷണിയായതായി പരാതി. രണ്ട് ഏക്കര്‍ വരുന്ന പ്രദേശത്തെ പാറഖനനം മൂലം സമീപത്തെ വീടുകള്‍ക്ക് ഭീഷണി നേരിടുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് സമീപവാസികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലാ കളക്ടര്‍, മൈനിംഗ് ആന്‍ഡ് ജിയോളജി, പോലീസ്, പഞ്ചായത്ത്, തഹസീല്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്നു സമീപവാസികള്‍ പറയുന്നു. പല വീടുകളുടെയും ഭിത്തികള്‍ വിണ്ടുകീറിയ നിലയിലാണ്.
പാറ പൊട്ടിക്കുന്പോൾ സമീപത്തെ വീടുകള്‍ക്ക് കുലുക്കം അനുഭവപ്പെടാറുണ്ട്. ജനല്‍ ചില്ലുകള്‍ പൊട്ടിപ്പോകുന്നു. വീടുകള്‍ക്ക് കേടുപാടുകള്‍ വന്നതിനെത്തുടര്‍ന്നു പത്തു വര്‍ഷത്തോളം നിര്‍ത്തിവച്ചിരുന്ന പാറമടയാണ് ഇപ്പോള്‍ ഉന്നതസ്വാധീനത്തില് പ്രവര്‍ത്തനമാരംഭിച്ചത്.
ക്വാറിയുടെ 100 മീറ്റര്‍ ചുറ്റളവില്‍ അങ്കണവാടി, രാജീവ് ഗാന്ധി കോളനിയുടെ 50 വീടുകള്‍, മറ്റ് 50 വീടുകള്‍, സ്കൂളുകള്‍ എന്നിവയുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സുനില്‍ കുമാര്‍, ജേക്കബ് ഏബ്രഹാം, കെ. ഹനീഫ, ജയമോള്‍ ജോയി എന്നിവര്‍ പങ്കെടുത്തു.