പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് എൻജിഒ യൂണിയൻ
1444584
Tuesday, August 13, 2024 6:52 AM IST
കോട്ടയം: നഗരസഭാ പെൻഷൻ ഫണ്ട് തട്ടിപ്പ് കേസിൽ പ്രതി അഖിൽ സി. വർഗീസിനെ അറസ്റ്റ് ചെയ്യണമെന്നും തട്ടിപ്പിൽ നഗരസഭ ഭരണസമിതിയുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കൊല്ലം കോർപറേഷനിൽ 40 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തി സസ്പെൻഷനിലായ അഖിൽ സി. വർഗീസ് പുനർനിയമനത്തിന്റെ ഭാഗമായി നഗരസഭയിൽ ജോലിയിൽ പ്രവേശിക്കുകയും തട്ടിപ്പിന് അവസരമൊരുക്കുകയും ചെയ്തത് ഭരണസമിതിയുടെ അറിവോടുകൂടിയാണ്.
വൈക്കം നഗരസഭയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനുശേഷവും നഗരസഭയിലെത്തി കൃത്രിമം കാണിക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുത്തത് ഭരണസമിതിയും കോൺഗ്രസ് അനുകൂല നഗരസഭാ ജീവനക്കാരുമാണെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് എം.എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വി.വി. കൃഷ്ണദാസ് ഇ.എസ്. സിയാദ് എന്നിവർ പ്രസംഗിച്ചു.