വയനാടിനായി കോട്ടയത്തിന്റെ കരുതൽ
1444583
Tuesday, August 13, 2024 6:52 AM IST
കോട്ടയം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കു സഹായമേകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായം തുടരുന്നു. എരുമേലി ശ്രീനിപുരം ജമാ അത്ത് അംഗങ്ങളിൽനിന്ന് ഹബീബ് മുഹമ്മദ് മൗലവിയുടെ നേതൃത്വത്തിൽ ശ്രീനിപുരം ബ്രദേഴ്സ് വാട്ട്സ് ആപ് കൂട്ടായ്മ സ്വരൂപിച്ച 21,000 രൂപ, കോട്ടയം പുത്തനങ്ങാടി കോറസ് ക്ലബ്ബ് 10,000 രൂപ, കോട്ടയം പുത്തനങ്ങാടി കുന്നശേരിൽ ജോസഫ് തോമസ് 50,000 രൂപ, കേരള മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശനിയാഴ്ച നടത്തിയ ഗാനമേളയിലൂടെ സമാഹരിച്ച 15,000 രൂപ എന്നിവ കളക്ടർക്ക് കൈമാറി.
തിരുവഞ്ചൂർ സിഎംഎസ് എൽപി സ്കൂൾ യൂണിറ്റ് സമാഹരിച്ച 5,000 രൂപയും അതേസ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി തൂത്തൂട്ടി കൈലാറ്റിൽ ജയേഷ്-അനിത ദമ്പതികളുടെ മകളുമായ അമീര ജയേഷ് കുടുക്കയിൽനിന്ന് സമാഹരിച്ച 550 രൂപയും കളക്ടർക്കു കൈമാറി.
വൈക്കം വാർവിൻ സ്കൂൾ 60,000 രൂപ, കോട്ടയം കൊല്ലാട് വട്ടമറ്റത്തിൽ ശോഭന ശശി തനിക്ക് കിട്ടിയ ആദ്യത്തെ വാർധക്യകാല പെൻഷൻ തുകയായ 5000 രൂപ, തലയോലപ്പറമ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും സമാഹരിച്ച 50,000 രൂപ, കൂരോപ്പട പഞ്ചായത്ത് ഒമ്പതാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ ചേർന്നു സമാഹരിച്ച 10,000 രൂപ,
കോട്ടയം വെള്ളാവൂർ ബീനസദനത്തിൽ കെ.എൻ. ചന്ദ്രൻ 10,000 രൂപ, കൊല്ലാട് അഞ്ജലിയിൽ എം.വി. ശശിധരനും ഭാര്യ ബീനമ്മയും ചേർന്ന് 10,000 രൂപ, കോട്ടയം മർച്ചന്റ് നേവി ക്ലബ് 60,000 രൂപ, പാറമ്പുഴ ഗീതത്തിൽ പി.ആർ. അജയകുമാർ 1000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.
കോട്ടയം സിഎംഎസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സമാഹരിച്ച 13,420 രൂപയും ഇതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഭഗത് ജോ ആൻഡ്രൂസ് സ്വന്തം കുടുക്കയിലെ സമ്പാദ്യമായ 720 രൂപയും കളക്ടർക്ക് കൈമാറി.
കോട്ടയം തിരുനക്കര മൈതാനത്തെ ഗാന്ധിപ്രതിമയ്ക്ക് സമീപം ചായക്കട നടത്തുന്ന താഴത്തങ്ങാടി മൗലാനാ മന്‍സിലിൽ മുഹമ്മദ് സാലി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ എട്ടു വരെ ചായയും പലഹാരങ്ങളും വിറ്റ് നേടിയ 10,210 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കി. ചായയും പലഹാരങ്ങളും വിറ്റ തുക ഒരു പെട്ടിയില്‍ ശേഖരിച്ചാണ് കളക്ടര്‍ ജോണ്‍ വി. സാമുവലിന് കൈമാറിയത്.