ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി: ക്രമീകരണങ്ങള്‍ വിലയിരുത്തി
1444365
Monday, August 12, 2024 11:51 PM IST
കോട്ടയം: സീറോ മലബാര്‍സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിക്ക് പാലായില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 22 മുതല്‍ 25 വരെ പാലാ രൂപതയുടെ ആതിഥേയത്വത്തില്‍ പാലാ അരുണാപുരം അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ബിഷപ് വയലില്‍ ഹാളിലുമാണ് അസംബ്ലി.
മെത്രാന്മാരും വൈദിക, സമര്‍പ്പിത, അല്മായ പ്രതിനിധികളും ഉള്‍പ്പെടെ 360 പേര് പങ്കെടുക്കും. 2014 ഫെബ്രുവരിയില്‍ ഇന്ത്യയിലെ എല്ലാ കത്തോലിക്കാ ബിഷപ്പുമാരും പങ്കെടുത്ത സിബിസിഐ സമ്മേളനം നടന്നത് അല്ഫോന്സിയന് പാസ്റ്ററല്‍ സെന്ററിലായിരുന്നു.
പാസ്റ്ററല്‍ ഇന്സ്റ്റിറ്റ്യൂട്ടിനോടു ചേര്‍ന്നുള്ള സെന്റ് തോമസ് കോളജിലെ ബിഷപ് വയലില്‍ ഹാളിലാണ് സെമിനാറുകള്‍ നടക്കുന്നത്. അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണു പ്രതിനിധികളുടെ താമസം. ഇതിനുളള എല്ലാ ക്രമീകരണവും പൂര്‍ത്തിയായി. കോളജിന്റെ സ്പോര്‍ട്സ് കോംപ്ലക്സിനോടു ചേര്‍ന്നുള്ള ഹാളിലാണ് ഭക്ഷണക്രമീകരണം.
22നു രാവിലെ 10ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി ഉദ്ഘാടനം നിര്‍വഹിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ, സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സിനഡല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കേരള ലാറ്റിന്‍ ബിഷപ് കൗണ്‍സില്‍ പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, യാക്കോബായ സുറിയാനി സഭ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, മന്ത്രി റോഷി അഗസ്റ്റിന് എന്നിവര്‍ വിവിധഘട്ടങ്ങളില്‍ പ്രസംഗിക്കും. സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും.
ഇന്നലെ വൈകുന്നേരം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്, മാര്‍ തോമസ് തറയില്‍ എന്നിവര്‍ അസംബ്ലിയുടെ ഒരുക്കങ്ങള്‍ നേരിട്ടു വിലയിരുത്താനായി അല്ഫോന്സിയന് പാസ്റ്ററല്‍ സെന്ററിലെത്തി. അസംബ്ലി ജനറല്‍ കോ-ഓര്‍ഡിനേറ്ററും പാലാ രൂപത മുഖ്യവികാരി ജനറാളുമായ മോണ്‍. ജോസഫ് തടത്തില്‍ ഒരുക്കങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് അവലോകന യോഗവും ചേര്‍ന്നു. വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായ വൈദികരും പങ്കെടുത്തു.