മണിമലയാറിനു കുറുകെ നടപ്പാലം നിർമിക്കും: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
1444363
Monday, August 12, 2024 11:51 PM IST
മുണ്ടക്കയം: ബൈപാസ് റോഡിൽനിന്നു പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ പോകുവാൻ മണിമലയാറിന് കുറുകെ നടപ്പാലം നിർമിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. കേരള കോൺഗ്രസ്-എം മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചെന്നും വേങ്ങക്കുന്നിലും പഴയ മുണ്ടക്കയത്തുമുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് ടൗണിലേക്ക് എത്താനുള്ള എളുപ്പവഴിയാകും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ കോൺഗ്രസ്-എം ഭാരവാഹികൾക്ക് സ്വീകരണം നൽകി. സെപ്റ്റംബർ ഒന്നുമുതൽ എട്ടു വരെ വാർഡ് സമ്മേളനങ്ങൾ നടത്തുവാനും തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ചാർലി കോശി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി. തോമസ്, തങ്കച്ചൻ കാരക്കാട്ട്, ജോസ് നടുപറമ്പിൽ, വനിതാ കോൺഗ്രസ്-എം ജില്ലാ വൈസ് പ്രസിഡന്റ് മോളി വാഴപ്പനാടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്, ടി.ജെ. ചാക്കോ, ടോമി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.