"ലഹരിമാഫിയയ്ക്കെതിരേ ജാഗ്രത വേണം'
1444361
Monday, August 12, 2024 11:51 PM IST
പൂഞ്ഞാർ: മരണത്തിന്റെ വ്യാപാരികളായി ലഹരിമാഫിയ നാട്ടിൽ വിലസുകയാണെന്നും ശക്തമായ ജാഗ്രതയും നിരീക്ഷണവും ഇളംതലമുറയും പൊതുസമൂഹവും പുലർത്തണമെന്നും അല്ലാത്തപക്ഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്നും കെസിബിസി ടെമ്പറൻസ് കമ്മീഷൻ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. പൂഞ്ഞാർ സെന്റ് ആന്റണീസ് എച്ച്എസ്എസിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗണിലേക്ക് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയെത്തുടർന്നു നടത്തിയ സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സ്കൂൾ പരിസരങ്ങൾ പോലും അത്ര സുരക്ഷിതമല്ലാത്ത സ്ഥിതി വിശേഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന എക്സൈസ് വിജിലൻസ് റിപ്പോർട്ട് അമ്പരപ്പുളവാക്കുന്നതാണെന്നും രക്ഷിതാക്കളും ഏറെ ജാഗരൂകരാകണമെന്നും പ്രസാദ് കുരുവിള പറഞ്ഞു.
എൻഎസ്എസ് കോ-ഓർഡിനേറ്റർ നിഷ മാനുവൽ, പിടിഎ സെക്രട്ടറി ബൈജു ജേക്കബ്, റാണിമോൾ ജോസ്, ബോബി തോംസൺ, സജി ജോസഫ്, സീമ സെബാസ്റ്റ്യൻ, വോളന്റിയർ ലീഡേഴ്സായ റിച്ചാർഡ് സാബു, അലീഷാ ബിജോയി എന്നിവർ നേതൃത്വം നൽകി. ആൽഫ്രഡ് ബാസ്റ്റിൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫ്ളാഷ് മോബ്, ലഹരിവിരുദ്ധ ബോധവത്കരണം എന്നിവ പരിപാടികളുടെ ഭാഗമായി നടത്തി.