തിടനാട്-രക്ഷാഭവൻ റോഡിൽ അപകടം പതിവായി
1444357
Monday, August 12, 2024 11:51 PM IST
തിടനാട്: തിടനാട് രക്ഷാഭവൻ റോഡിൽ അപകടം തുടർക്കഥയാകുന്നു. റോഡിൽ വെട്ടികുളം എംഇഎസ് കോളജിനുസമീപം ഞായറാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ തോട്ടിൽ വീഴുകയുണ്ടായി. അപകടത്തിൽ തിടനാട് സ്വദേശി ജോസ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. കാർ താഴേക്ക് പതിക്കാത്തതു വലിയ അപകടം ഒഴിവാക്കി.
കൊടും വളവും ഇറക്കവുമാണ് ഇവിടെ അപകടത്തിന് കാരണമാകുന്നത്. കഴിഞ്ഞവർഷം ഓട്ടോറിക്ഷ തോട്ടിൽ വീണു രണ്ടുപേർ മരിച്ചിരുന്നു. സ്കൂൾ, കോളജ് ബസുകളും നൂറുകണക്കിന് വാഹനങ്ങളും നിരന്തരം ഇതുവഴി സഞ്ചരിക്കുന്നതാണ്. റോഡിൽനിന്ന് തോട്ടിലേക്ക് 20 അടി താഴ്ചയുള്ളത് അപകട സാധ്യത വർധിപ്പിക്കുന്നു. ക്രാഷ് ബാരിയർ പിടിപ്പിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്കു നിവേദനം നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.
എത്രയുംവേഗം ക്രാഷ് ബാരിയർ പിടിപ്പിക്കണമെന്ന് വെട്ടികുളം റോഡ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. റെജി കരോട്ടുപുള്ളോലിൽ, വിൽസൺ പൊട്ടനാനി, സേവ്യർ തെക്കഞ്ചേരി, ഷിന്റോ അറക്കപ്പറമ്പ്, റെജി ചെറുവള്ളി, സജി കൈയാണിയിൽ, ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.