റോഡിലെ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കി ഓട്ടോറിക്ഷാ ഡ്രൈവർമാർ
1444355
Monday, August 12, 2024 11:51 PM IST
പനമറ്റം: തകർന്നുകിടക്കുന്ന കൂരാലി-പനമറ്റം-തമ്പലക്കാട് റോഡ് യാത്ര ഓട്ടോറിക്ഷാ ഡ്രൈവർമാർ ചേർന്ന് ശ്രമദാനം നടത്തി യാത്രായോഗ്യമാക്കി. റോഡിലെ കുഴികൾ പനമറ്റത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് മണ്ണിട്ടുനികത്തിയത്.
നിറയെ കുഴികൾ മൂലം ഇതുവഴി യാത്ര ദുഷ്കരമായിരുന്നു. ഓട്ടോറിക്ഷകൾ ഓടുമ്പോൾ തകരാറുണ്ടാകുന്നതിൽ മനംമടുത്താണ് സ്വയം റോഡ് നന്നാക്കാൻ ഡ്രൈവർമാർ മുന്നിട്ടിറങ്ങിയത്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണിക്കായി പൊതുമരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചിട്ടില്ലെന്നും വകുപ്പിനും എംഎൽഎയ്ക്കും നിരവധിത്തവണ പരാതി നൽകിയിട്ടും ഫലം കണ്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.
പനമറ്റം ഗവൺമെന്റ് എച്ച്എസ്എസ്, പനമറ്റം ഭഗവതിക്ഷേത്രം, എലിക്കുളം കൃഷിഭവൻ, പോസ്റ്റ്ഓഫീസ് എന്നിവിടങ്ങളിലേക്കെല്ലാം ആളുകൾ സഞ്ചരിക്കുന്ന വഴിയാണിത്. പനമറ്റംകാർക്ക് എലിക്കുളം പഞ്ചായത്ത് ഓഫീസിലെത്തുന്നതിനും ഈ റോഡാണ് ആശ്രയം. ടാറിംഗ് തകർന്നതുകൂടാതെ പലയിടത്തും കൽക്കെട്ടുകൾ ഇടിഞ്ഞും ടാറിംഗിന്റെ അരികിടിഞ്ഞും റോഡ് അപകടാവസ്ഥയിലാണ്.