വെയിലും മഴയും കൊണ്ട് മടുത്തു : ബസ് ടെർമിനൽ എന്നു വരും?
1444340
Monday, August 12, 2024 7:33 AM IST
ചങ്ങനാശേരി: വര്‍ഷങ്ങള്‍ക്കുമുമ്പ് പദ്ധതിയിട്ട ചങ്ങനാശേരി കെഎസ്ആര്‍ടിസി ടെര്‍മിനല്‍ നിര്‍മാണം വേഗത്തിലാക്കണെന്നാവശ്യം ശക്തമാകുന്നു. വെയിലും മഴയും ഏറ്റ് യാത്രക്കാര്‍ ദുരിതപ്പെടുകയും അപകടഭീഷണി നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ടെര്‍മിനല്‍ നിര്‍മാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നത്.
ലോകസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയശേഷം കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം ചങ്ങനാശേരി ഡിപ്പോയില്‍ സന്ദര്‍ശനം നടത്തുകയും നിര്‍മാണം ത്വരിതഗതിയിലാക്കാന്‍ ജോബ് മൈക്കിള്‍ എംഎല്‍എ ഇവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ശേഷം നിര്‍മാണ സ്ഥലത്തെ മണ്ണു പരിശോധന നടത്തുകയും ചെയ്തു.
ബസ് കാത്തിരിപ്പിന് ഡിപ്പോയില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ സ്റ്റാന്‍ഡിന്റെ വശത്തെ മരങ്ങളുടെ ചുവട്ടിലും പെട്രോള്‍ പമ്പിനു ചുവട്ടിലും മറ്റുമാണ് നില്‍ക്കുന്നത്. ബസുകള്‍ സ്റ്റാന്‍ഡിലേക്കു പ്രവേശിക്കുമ്പോള്‍ പലയിടങ്ങളിലായി നില്ക്കുന്ന യാത്രക്കാര്‍ ഓടിക്കൂടുന്നത് ഇവര്‍ അപകടത്തില്‍പ്പെടാൻ കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് കര്‍ശനസുരക്ഷ ഒരുക്കാന്‍ പോലീസും കെഎസ്ആര്‍ടിസി ജീവനക്കാരും സത്വരശ്രദ്ധ പുലര്‍ത്തണമെന്ന ആവശ്യം ശക്തമാണ്.