മണർകാട് ഐരാറ്റുനട റോഡ് താഴുന്നു, വിള്ളലും രൂപപ്പെട്ടു
1444333
Monday, August 12, 2024 7:21 AM IST
മണർകാട്: റോഡിന്റെ ഒരു ഭാഗത്ത് വിള്ളലും മറുഭാഗം ഇടിഞ്ഞുതാഴുന്ന നിലയിലും. കുമളി ദേശീയപാത 183 ൽ മണർകാട് -ഐരാറ്റുനട റോഡിലാണ് അപകടക്കെണിയൊരുങ്ങുന്നത്. വർഷങ്ങൾക്ക് മുൻപ് റോഡ് ഇടിഞ്ഞു പോകുകയും ട്രാൻസ്ഫോമർ അടക്കം തകരുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് റോഡിന്റെ വശം സംരക്ഷണഭിത്തികെട്ടി ഉറപ്പാക്കുകയും മണ്ണിട്ട് ഉയർത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും വിള്ളലും ഇടിഞ്ഞുതാഴുന്ന സ്ഥിതിയും. പാടശേഖരങ്ങൾക്ക് മധ്യഭാഗത്തിലൂടെ കടന്നുപോകുന്ന റോഡാണിത്. കനത്ത മഴയും വെള്ളപ്പൊക്കവും റോഡിന് ബലക്ഷയവും ഉണ്ടാക്കുന്നു.
2019 ലെ കനത്ത മഴയിൽ 30 മീറ്ററോളം ദൂരത്തിൽ റോഡിന്റെ മധ്യഭാഗം വരെ തകർന്നിരുന്നതിനെത്തുടർന്ന് ദേശീയപാത അധികൃതർ നാളുകൾക്ക് മുൻപാണ് നവീകരണം നടത്തിയത്. റോഡ് ബലപ്പെടുത്താൻ പാടത്ത് ഫൗണ്ടേഷൻ ഇട്ട് ബെൽറ്റ് വാർത്ത് കൽക്കെട്ട് കെട്ടിയുയർത്തിയാണ് റോഡ് പുനർനിർമിച്ചത്.
എന്നാൽ, ആഴ്ചകൾക്ക് മുൻപുണ്ടായ കനത്ത മഴയ്ക്ക് പിന്നാലെ റോഡ് വീണ്ടും ഇരുന്നുപോയി. ഇതോടെ ബലക്ഷയം വീണ്ടും ഉണ്ടായി. ടാറിംഗിൽ വിള്ളൽ രൂപപ്പെടുകയും ചെയ്തു. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ ബലക്ഷയത്തിനും കാരണമായി.
ഇരുന്നുപോയ ഭാഗത്തിലൂടെ കടന്നുവരുന്ന ഇരുചക്രവാഹനങ്ങൾ വെട്ടുന്നതിനും നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നതിനും ഇടയാക്കുന്നു. റോഡിലെ കയറ്റിറക്കങ്ങളിൽ പെട്ടെന്ന് നിയന്ത്രണംവിട്ടുള്ള അപകടത്തിൽ അടുത്തകാലത്ത് മണർകാട് സ്വദേശിക്ക് പരിക്കേറ്റിരുന്നു. കുപ്പിക്കഴുത്ത് പോലുള്ള റോഡ് വേണ്ടവിധത്തിൽ ശാസ്ത്രീയമായി നവീകരിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നു.
വളവ് ചേർന്ന ഭാഗത്തെ റോഡിന്റെ വശങ്ങളിൽ കാടുമൂടിക്കിടക്കുന്നതും അപകടത്തിന് ഇടയാക്കുന്നു. വശങ്ങൾക്ക് വീതി കൂടിയതോടെ അനധികൃത ട്രക്ക്, ലോറി പാർക്ക് ചെയ്യുന്നു. ചെറുകടകളും ഇവിടെ ആരംഭിച്ചിട്ടുണ്ട്.
കനത്ത മഴ പെയ്യമ്പോൾ പാടശേഖരങ്ങളിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് മൂലമാണ് റോഡ് ഇരുന്നു താഴുന്നത്. അടിയന്തരമായി റോഡിന്റെ അശാസ്ത്രീയത പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.