മത്സ്യബന്ധന ഉപകരണങ്ങൾ മോഷണം പോകുന്നതായി പരാതി
1444330
Monday, August 12, 2024 7:21 AM IST
കുമരകം: കോട്ടത്താേട്ടിൽ മത്സ്യബന്ധന വള്ളങ്ങളിൽ സൂക്ഷിക്കുന്ന ഉപകരണങ്ങൾ മോഷണം പോകുന്നതായി വ്യാപക പരാതി. മത്സ്യബന്ധനത്തിനുശേഷം തോട്ടരികിൽ ബന്ധിക്കുന്ന വള്ളങ്ങളിൽനിന്നു വല, തുഴ, കഴുക്കോൽ തുടങ്ങിയ ഉപകരണങ്ങൾ മോഷ്ടിക്കപ്പെടുന്നതായാണു പരാതി.
കഴിഞ്ഞ ദിവസം കോണത്താറ്റു പാലത്തിന്റെ നിർമാണം നടക്കുന്നതിനു സമീപത്ത് കരയിൽ സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വല കാണാതായി. മത്സ്യത്തൊഴിലാളിയായ കാരിക്കത്ര രേണുവിന്റെ വലയാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. വേമ്പനാട്ടുകായലിൽ കരിമീൻ പിടിക്കാൻ ഉപയോഗിക്കുന്ന നീട്ടുവലയാണ് കാണാതായത്.
പുത്തൻപള്ളിയുടെ അടുത്ത് വള്ളത്തിൽ സൂക്ഷിച്ചിരുന്ന ഇളംകുറ്റ് സുമേഷിന്റെ കഴുക്കോലും തുഴയും വലയും കാണാതായതും കഴിഞ്ഞ ദിവസമാണ്. മത്സ്യബന്ധനത്തിനു പോകാൻ എത്തുമ്പോഴാണ് തലേദിവസം വച്ചിരുന്ന ഉപകരണങ്ങൾ നഷ്ടപ്പെട്ടത് താെഴിലാളികൾ അറിയുന്നത്.
തോട്ടിൽ പോളതിങ്ങി നിറഞ്ഞിരിക്കുന്നതിനാലും കോണത്താറ്റു പലം പണിയുടെ ഭാഗമായി മുട്ടിട്ടിട്ട് തോട് തടഞ്ഞിരിക്കുന്നതിനാലുമാണ് തങ്ങളുടെ മത്സ്യബന്ധന വള്ളങ്ങൾ സ്വന്തം വീട്ടിൽ കൊണ്ടുപോകാനാകാതെ പാതിവഴിയിൽ സൂക്ഷിക്കേണ്ടി വരുന്നത്. ജീവനോപാദി നഷ്ടപ്പെടുന്നതിനാൽ തൊഴിലാളികൾക്കുണ്ടാകുന്നത് വലിയ ബുദ്ധിമുട്ടും ദുരിതവുമാണ്.