ഏറ്റുമാനൂർ ഗവ. ആശുപത്രിയിൽ സന്ധ്യയായാൽ ചികിത്സയില്ല
1444326
Monday, August 12, 2024 7:21 AM IST
കത്തോലിക്ക കോൺഗ്രസ് നിവേദനം നൽകി
ഏറ്റുമാനൂർ: ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടവും ആംബുലൻസുമുണ്ട്. പക്ഷേ വൈകുന്നേരം ആറുമണി കഴിഞ്ഞ് ചികിത്സ ലഭിക്കണമെങ്കിൽ രോഗികൾ വേറെ ആശുപത്രിയിൽ പോകണം. ഏറ്റുമാനൂർ ഗവ. ആശുപത്രി (കോട്ടയം മെഡിക്കൽ കോളജ് ഫാമിലി ഹെൽത്ത് സെന്റർ) യുടെ അവസ്ഥയാണിത്.
മന്ത്രി വി.എൻ. വാസവന്റെ പ്രത്യേക താത്പര്യത്തിൽ സുസജ്ജമായ ആശുപത്രി കെട്ടിടം നിർമിച്ചത് മാസങ്ങൾക്കു മുമ്പാണ്. ഒപ്പംതന്നെ എംപി ഫണ്ടിൽനിന്നു തോമസ് ചാഴികാടൻ അനുവദിച്ച തുക ഉപയോഗിച്ച് ആശുപത്രിക്ക് ആംബുലൻസും ലഭിച്ചു.
എന്നാൽ, പുതിയ സംവിധാനങ്ങൾക്ക് അനുസൃതമായി ചികിത്സാ സൗകര്യങ്ങൾ രോഗികൾക്ക് ലഭിക്കുന്നില്ല. വൈകുന്നേരം ആറു കഴിഞ്ഞാൽ അത്യാസന്ന നിലയിൽ എത്തുന്ന രോഗികൾക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതിനു പോലും സൗകര്യമില്ല.
രോഗികൾ ഒന്നുകിൽ എട്ടു കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളജിൽ എത്തണം. അതല്ലെങ്കിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരും നിർധനരുമായ രോഗികൾക്ക് ഇത് താങ്ങാനാവില്ല.
നടപടി വേണമെന്ന് കത്തോലിക്ക കോൺഗ്രസ്
ഏറ്റുമാനൂർ ഗവ. ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒപി വിഭാഗവും കാഷ്വാലിറ്റിയും എത്രയും വേഗം പ്രവർത്തനക്ഷമമാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഏറ്റുമാനൂർ യൂണിറ്റ് ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റും അതിരൂപത സെക്രട്ടറിയുമായ സെബാസ്റ്റ്യൻ പുല്ലാട്ടുകാലാ അധ്യക്ഷത വഹിച്ചു.
വികാരി ഫാ. ജോസ് മുകളേൽ, സഹവികാരി ഫാ. ജേക്കബ് ചക്കാത്ര, സാബു പുല്ലുകാലാ, ജോഷി വെട്ടൂർ, സണ്ണി വട്ടക്കാട്ടിൽ, ജോസ് കുരീക്കൊമ്പിൽ, ഷിബു പ്ലാമൂട്ടിൽ, സണ്ണി കോണിക്കൽ, റോബിൻ പല്ലാട്ട്, എൻ.ഒ. മാത്യൂസ് ചെറുപറമ്പിൽഎന്നിവർ പ്രസംഗിച്ചു.
ഇതു സംബന്ധിച്ച് മന്ത്രി വി.എൻ. വാസവന് പ്രസിഡന്റ് സെബാസ്റ്റ്യൻ പുല്ലാട്ടുകാലായുടെ നേതൃത്വത്തിൽ യൂണിറ്റ് ഭാരവാഹികൾ നിവേദനം നൽകി.