ചെങ്ങന്നൂര്‍-പമ്പ പാത നിര്‍മാണം: അനുമതിക്കു കടമ്പകളേറെ
1444101
Sunday, August 11, 2024 10:07 PM IST
കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയില്‍പാതയ്ക്ക് പകരം ആലോചനയിലുള്ള ചെങ്ങന്നൂര്‍- പമ്പ പാത നിര്‍മാണ അനുമതിക്ക് കടമ്പകളേറെ. 70 കി.മീ. പാതയിലെ 19 കിലോമീറ്ററും പമ്പ റിസര്‍വ് വനത്തിലൂടെയാണ് കടന്നുപോകേണ്ടത്. ഇതിന് പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണം. വനനശീകരണം ഒഴിവാക്കാന്‍ 32 കി.മീ. ദൂരം തൂണുകളിലും തുരങ്കങ്ങളിലൂടെയുമാണ് കടന്നുപോവുക. ഇതിലേക്ക് 177 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കണം. ചെങ്ങന്നൂരിലും ആറന്മുളയിലും വലിയ തോതില്‍ വയലുകള്‍ നികത്തുകയും വേണം.
111 കി.മീ. ശബരി പാതയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ് 3810 കോടിയും ചെങ്ങന്നൂര്‍-പമ്പ ഇരട്ടപ്പാതയ്ക്ക് ഒന്‍പതിനായിരം കോടിയുമാണ്. ഒറ്റവരിയെങ്കില്‍ ആറായിരം കോടി വരും. സ്ഥലം ഏറ്റെടുക്കലിന് രണ്ടു വര്‍ഷവും നിര്‍മാണത്തിന് നാലു വര്‍ഷവുമാണ് കണക്കാക്കുന്നത്. അനുമതികള്‍ നേടി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് പത്തു വര്‍ഷം വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇത്രയും തുക ചെലവഴിച്ച് പാത നിര്‍മിച്ചാലും റെയില്‍വേക്കു സാമ്പത്തികമായി നേട്ടം നല്‍കില്ല. ഈ റൂട്ടില്‍ ആറന്മുള, സീതത്തോട്, വടശേരിക്കര, പമ്പ എന്നിങ്ങനെ നാലു സ്റ്റേഷനുകളാണ് വിഭാവനം ചെയ്യുന്നത്. പമ്പയില്‍ പാത അവസാനിക്കുന്നതിനാല്‍ സീസണില്‍ മാത്രമേ യാത്രക്കാരുണ്ടാകൂ.
അതേസമയം ശബരി പാതയിലെ 12 സ്റ്റേഷനുകളും കോട്ടയം, ഇടുക്കി ജില്ലയ്ക്ക് വലിയ പ്രയോജനമാണ് ചെയ്യുക. ചരക്കുഗതാഗതത്തിനും വലിയ നേട്ടമാകും. ചെങ്ങന്നൂര്‍- പമ്പ റെയില്‍ പാതയിലൂടെ പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് പേട്ട തുള്ളണമെങ്കില് എരുമേലിയില്‍ എത്തുക എളുപ്പമാകില്ല. എരുമേലിയില്‍ പേട്ട തുള്ളിയശേഷം പമ്പയിലേക്ക് പോകുന്നതാണ് പരമ്പരാഗത ആചാരം.