റബര്‍ വ്യവസായം ഒന്നാകെ പ്രതിസന്ധിയില്‍
1444099
Sunday, August 11, 2024 10:07 PM IST
കോട്ടയം: റബര്‍ ക്ഷാമം റബര്‍ അധിഷ്ഠിത വ്യവസായങ്ങളെ അപ്പാടെ പ്രതികൂലമായി ബാധിച്ചുതുടങ്ങി. ഗ്ലൗസ് മുതല്‍ ടയര്‍വരെ നൂറുകണക്കിന് ഉത്പന്നങ്ങളുടെ നിര്‍മാണത്തെ ഇത് ബാധിച്ചുതുടങ്ങി. ഒട്ടുപാല് കിട്ടാനില്ലാതെ ക്രീപ്പ്, ക്രംബ് ഫാക്ടറികളില്‍ ജോലി ഷിഫ്റ്റ് വെട്ടിക്കുറച്ചു. 170 രൂപ നിരക്കില്‍വരെ ഒട്ടുപാല് വാങ്ങിയാണ് ക്രംബ് ഫാക്ടറികള്‍ മുന്നോട്ടുപോകുന്നത്.
ഹെവി മോട്ടോര്‍ വാഹനമേഖലയിലും റബര്‍ ക്ഷാമം ആഘാതമുണ്ടാക്കുന്നു. റബര്‍ഷീറ്റ് വില കൂടിയതിനാല്‍ ടയര്വിലയും ഉയുമെന്നാണ് ആശങ്ക. ഹെവി വാഹനങ്ങളുടെ റേഡിയല്‍ ടയറിന് കാല് ലക്ഷം രൂപയ്ക്കു മുകളിലാണ് നിലവില്‍ വില. ഷീറ്റില്ലാത്തതിനാല്‍ റീട്രെഡിംഗ് റബര്‍ പാളികളുടെ ഉത്പാദനം വെട്ടിക്കുറച്ചു. ടയര്‍ റീട്രെഡിംഗ് നിലയ്ക്കുന്ന സാഹചര്യത്തില്‍ പുത്തന്‍ ടയറുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകും. ഒരു ടയര്‍ മൂന്നു തവണവരെ റീട്രെഡിംഗ് നടത്തി ഉപയോഗിക്കാം. പതിനായിരം രൂപയോളമാണ് ഒരു റീട്രെഡിംഗിന് ചെലവു വരിക.
ചെരിപ്പ്, ഗമ്പൂട്ട് നിര്‍മാണവും പ്രതിസന്ധിയിലാണ്. മുന്‍നിര ചെരിപ്പുനിര്മാതാക്കള് 260 രൂപയ്ക്കു വരെ കഴിഞ്ഞ ദിവസം ഷീറ്റ് വാങ്ങിയിരുന്നു. റബര്‍ ഫാക്ടറികളില്‍ ജോലി കുറഞ്ഞതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. ടയര്‍ കമ്പനികളുടെ ഗോഡൗണുകളില്‍ കാര്യമായി ഷീറ്റില്ല. ഈടുള്ള ടയറുകളുടെ നിര്‍മാണത്തിന് ക്രംബ് മാത്രം പോരാ ചേരുവയായി ഈടുറ്റ ഷീറ്റും ആവശ്യമുണ്ട്.