ജോബോയിക്ക് നാടിന്റെ അന്ത്യാഞ്ജലി
1444097
Sunday, August 11, 2024 10:07 PM IST
കുറവിലങ്ങാട്: ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് പാലയ്ക്കലോടിക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. തോട്ടുവ പാലയ്ക്കലോടി വീട്ടിലും കുറവിലങ്ങാട് പള്ളിയിലുമെത്തി അനേകർ ആദരാഞ്ജലിയർപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതാക്കളടക്കമുള്ളവർ അന്ത്യയാത്രാമൊഴിയേകാൻ എത്തിയിരുന്നു.
പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ കാർമികത്വം വഹിച്ചു. സംസ്കാരശുശ്രൂഷകൾക്ക് ശേഷം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പാർട്ടി മണ്ഡലം പ്രസിഡന്റ് ബിജു മൂലങ്കുഴ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിൻസൺ ചെറുമല അനുശോചനപ്രമേയം അവതരിപ്പിച്ചു.
ഫ്രാൻസിസ് ജോർജ് എംപി, ഡീൻ കുര്യാക്കോസ് എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, പി.സി. വിഷ്ണുനാഥ്, പി.എ. സലിം, ടോമി കല്ലാനി, ജെയ്സൺ ജോസഫ്, അബിൻ വർക്കി, ടി. ജോസഫ്, സദാനന്ദ ശങ്കർ, എ.എൻ. ബാലകൃഷ്ണൻ, തോമസ് കണ്ണന്തറ, സനോജ് മിറ്റത്താനി, അജോ അറക്കൽ, അനിൽ കാരക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.