താലൂക്ക് വികസനസമിതിയിലെ ഹാജര്‍നില ലജ്ജാകരം
1444088
Sunday, August 11, 2024 9:46 PM IST
പാലാ: ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാനുള്ള പ്രധാന വേദിയായ താലൂക്ക് വികസനസമിതി യോഗങ്ങളില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഹാജര്‍നിലയില്‍ വന്‍ ഇടിവ്.
താലൂക്കിലെ വിവിധ വകുപ്പുതല മേലുദ്യോഗസ്ഥരും എംഎല്‍എമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും വികസനസമിതി അംഗങ്ങളും താലൂക്കിലെ 22 പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക്ക് പ്രസിഡന്റുമാരും രണ്ടു മുനിസിപ്പല്‍ ചെയര്മാന്മാരും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്. എന്നാല്‍ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. നിയമസഭയില്‍ പ്രാതിനിധ്യമുള്ള അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ് വികസനസമിതി അംഗങ്ങള്‍. പലപ്പോഴും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ താലൂക്ക് വികസനസമിതിയില്‍ ഹാജരാകാറില്ല. ചില സമിതികളില്‍ പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, ഫുഡ് ആൻഡ് സേഫ്റ്റി, പിഡബ്ല്യുഡി ബില്‍ഡിംഗ് സെക്ഷന്‍ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഹാജരാകാറില്ല.
താലൂക്ക് വികസനസമിതിയില്‍ ഉയര്‍ന്നുവരുന്ന പല പരാതികള്‍ക്കും കൃത്യമായ മറുപടി നല്‍കേണ്ട ഉദ്യോഗസ്ഥരാണ് പലപ്പോഴും ഹാജരാകാത്തത്. സമിതി നിര്‍ദേശിക്കുന്ന പല കാര്യങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു യഥാസമയം മറുപടിയും ലഭിക്കുന്നില്ല. പൂഞ്ഞാര്‍, പാലാ, കടുത്തുരുത്തി നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മീനച്ചില്‍ താലൂക്ക് വികസനസമിതി. നാളിതുവരെ പങ്കെടുക്കാത്ത പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളുമുണ്ട്.
കഴിഞ്ഞ മാസം നടത്തിയ വികസനസമിതിയില്‍ താലൂക്കിലെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പരിശോധന നടത്തി ഈ മാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഫുഡ് ഇന്‍സ്പെക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസത്തെ വികസനസമിതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്നും മാത്രമല്ല ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരുംതന്നെ ഹാജരായതു
മില്ല.
ചില വകുപ്പുകളില്‍നിന്നു താലൂക്ക് വികസനസമിതിയില്‍ പങ്കെടുക്കാന്‍ വകുപ്പ് തലവന്മാര്ക്കു പകരം മറ്റ് ഉദ്യോഗസ്ഥരെയാണ് അയയ്ക്കുന്നത്. ഇവര്‍ക്ക് പലപ്പോഴും തൃപ്തികരമായ രീതിയില്‍ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നുകഴിഞ്ഞു.