ഇളംപള്ളിക്കവലയിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു
1444085
Sunday, August 11, 2024 9:45 PM IST
വാഴൂർ: ദേശീയപാതയോരത്ത് ഇളംപള്ളിക്കവലയിൽ താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു. ബസ് കാത്തിരിപ്പുകേന്ദ്രത്തിനായി നാട്ടുകാർ പലവട്ടം അധികൃതരെ സമീപിച്ചിട്ടും നടപടികളൊന്നുമുണ്ടാത്തതിനെത്തുടർന്നാണ് അഞ്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ ചേർന്ന് നാട്ടുകാർക്കായി താത്കാലിക കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്.
ഇളംപള്ളിക്കവലയിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മരച്ചുവട്ടിൽ ചില്ലകൾക്കിടയിൽ വച്ചുകെട്ടിയ പഴയ ഫ്ലക്സ് ബോർഡിന് ചുവട്ടിലാണ് ഇത്രയും കാലം ആളുകൾ ബസ് കാത്തുനിന്നത്. പ്രധാന ബസ് സ്റ്റോപ്പായ കവലയിൽ മഴയത്തും വെയിലത്തും ഈ ഫ്ലക്സിന് കീഴിലായിരുന്നു വിദ്യാർഥികളടക്കമുള്ളവരുടെ കാത്തുനിൽപ്പ്.
പ്രദേശമാകെ കാടും പടർപ്പും നിറഞ്ഞത് നാട്ടുകാരുടെ സഹായത്തോടെ ഓട്ടോറിക്ഷാ തൊഴിലാളികൾ വൃത്തിയാക്കിയിരുന്നു. കാട് വെട്ടിമാറ്റാനും അധികൃതരോട് മുന്പ് ആവശ്യപ്പെട്ടതാണ്. മുളയും അലൂമിനിയം ഷീറ്റും ഉപയോഗിച്ചാണ് ഇവർ കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്.