അവശേഷിപ്പുകൾ മാത്രമായി മുണ്ടക്കയത്ത് സോളാർ വഴിവിളക്കുകൾ
1444084
Sunday, August 11, 2024 9:45 PM IST
മുണ്ടക്കയം: അവശേഷിപ്പുകൾ മാത്രമായി മുണ്ടക്കയത്ത് സോളാർ വഴിവിളക്കുകൾ. ടൗണിനെ പ്രകാശപൂരിതമാക്കുകയെന്ന ലക്ഷ്യത്തോടെ 2015-16 കാലഘട്ടത്തിൽ സ്ഥാപിച്ച വഴിവിളക്കുകളാണ് പൂർണമായി നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.
ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 14.5 ലക്ഷം രൂപ മുടക്കിയായിരുന്നു വഴിവിളക്കുകൾ സ്ഥാപിച്ചത്. കല്ലേപ്പാലം മുതൽ പൈങ്ങനാ പാലം വരെയും കോസ്വേ പാലം, സിഎംഎസ് ഹൈസ്കൂൾ ഭാഗം തുടങ്ങിയ പ്രദേശങ്ങളിലായി 54ൽപരം സോളാർ വഴിവിളക്കുകളാണ് സ്ഥാപിച്ചത്. ഇതിൽ മൂന്നോ നാലോ എണ്ണം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇതും പ്രവർത്തനരഹിതമാണ്.
സ്ഥാപിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ വിളക്കുകളുടെ സോളാർ പാനൽ, ബാറ്ററി, ബൾബ് തുടങ്ങിയവ പലയിടങ്ങളിലെയും മോഷണം പോയി. യാതൊരു ദീർഘവീക്ഷണവുമിതെ പാതയോരങ്ങളിൽ സ്ഥാപിച്ച വഴിവിളക്കുകളിൽ വാഹനമിടിച്ച് സാരമായി കേടുപാട് സംഭവിച്ചു. പല സ്ഥലങ്ങളിലും ലൈറ്റിനായി സ്ഥാപിച്ച തൂണുകൾ പോലും മോഷ്ടാക്കൾ കൊണ്ടുപോയ നിലയിലാണ്. ഇതോടെ ലക്ഷങ്ങൾ മുടക്കി നടപ്പിലാക്കിയ പദ്ധത കൊണ്ട് പൊതുജനത്തിന് യാതൊരു പ്രയോജനവും ഇല്ലാതെയായി.
കൃത്യമായി ആസൂത്രണം ഇല്ലാതെ സ്ഥാപിച്ചതും വഴിവിളക്കുകളുടെ പരിപാലനം കരാർ കമ്പനിയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നടത്താത്തതും നാശത്തിന് കാരണമായി. പദ്ധതി പൂർണമായും പരാജയപ്പെട്ടതോടെ ടൗണിന്റെ പല ഭാഗങ്ങളും ഇപ്പോൾ ഇരുളിന്റെ പിടിയിലാണ്.