യൂത്ത് കോൺഗ്രസ് നേതാവിനെ വീട് ചവിട്ടിപ്പൊളിച്ച് അറസ്റ്റ് ചെയ്തു
1444064
Sunday, August 11, 2024 7:27 AM IST
കായംകുളം: യൂത്ത് കോൺഗ്രസിന്റെ സമരപ്പന്തലിനു സമീപം പോലീസും പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിൽ വനിതാ പോലീസ് ഉൾപ്പെടെയുള്ളവരെ മർദിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് പോലീസ് അറസ്റ്റ് ചെയ്തു.
യൂത്ത് കോൺഗ്രസ് നേതാവ് കായംകുളം പെരിങ്ങാല കോയിക്കലേത്ത് ഹാഷിം സേട്ടി(39)നെയാണ് ഇന്നലെ പുലർച്ചെ മഫ്തിയിലെത്തിയ പോലീസ് സംഘം വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കസ്റ്റഡിയിലെടുത്തത്. മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുണ്ടകത്തിലിന്റെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. യൂത്ത് കോൺഗ്രസ് നേതാവ് കായംകുളം പത്തിയൂർ എരുവ കന്നിമേൽ ആമ്പക്കാട്ട് ബിനു ആമ്പക്കാട്ടിനെയും പോലീസ് അറസ്റ്റ് ചെയ്തു.
14 ദിവസത്തേക്ക് റിമാൻഡ്
ഹാഷിം സേട്ടിനെയും ബിനു ആമ്പക്കാട്ടിനെയും ഇന്നലെ വൈകുന്നേരം പോലീസ് മാവേലിക്കര കോടതി മുമ്പാകെ ഹാജരാക്കി. ഇരുവരെയും കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കായംകുളം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാരായ അമീന, നൂറ, സിവിൽ പോലീസ് ഓഫീസർ അഖിൽ എന്നിവർക്കാണ് മർദനമേറ്റത്. പരിക്കേറ്റ വനിതാ പോലീസുൾപ്പെടെയുള്ളവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ പരിക്കേറ്റ വനിതാ പോലീസുകാർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. എഎസ്ഐ ജയലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ദേഹോപദ്രവം ഏൽപ്പിച്ച് ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ചതായാണ് കേസ്. കഴിഞ്ഞദിവസം സന്ധ്യക്കായിരുന്നു സംഭവം.
ദേശീയപാതയിൽ കായംകുളത്ത് ഉയരപ്പാത നിർമിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് നേതാക്കന്മാർ നിർമാണ കമ്പനിയുടെ പ്ലാന്റിനു സമീപം അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തിവരികയാണ്.
വാക്കേറ്റവും ഉന്തും തള്ളും
ഈ സമരപ്പന്തലിലേക്ക് പ്രകടനമായി അഭിവാദ്യം അർപ്പിക്കാനെത്തിയ പ്രവർത്തകരെ വാഹന ഗതാഗതത്തിനു തടസമുണ്ടാക്കുന്നു എന്ന പേരിൽ മാറ്റാൻ ശ്രമിച്ചതോടെയാണ് പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും സംഘർഷവും ഉണ്ടായത്.
തുടർന്ന് പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതും പ്രശ്നത്തിനിടയാക്കി. തുടർന്ന് പോലീസ് ലാത്തിവീശി. നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. ഇതിനിടയിലാണ് വനിത പോലീസ് ഉൾപ്പടെയുള്ള മൂന്നു പോലീസുകാർക്ക് പരിക്കറ്റത്.
യൂത്ത് കോൺഗ്രസ് നേതാക്കന്മാരുടെ വീടുകളിൽ പോലീസ് അതിക്രമവും തേർവാഴ്ചയും നടത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കന്മാർ പറഞ്ഞു.
ഇതിനിടയിൽ പോലീസുകാരെ മർദിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, സുറുമി ശാഹുൽ, വിശാഖ് പത്തിയൂർ തുടങ്ങിയ കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചോളം പേർക്കെതിരെ പോലീസ് ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസും എടുത്തിട്ടുണ്ട്.