ഏകീകൃത കുർബാന: വിളംബരജാഥ 15ന്
1444063
Sunday, August 11, 2024 7:27 AM IST
വൈക്കം: എറണാകുളം അങ്കമാലി അതിരൂപതയിൽ പൂർണമായി ഏകീകൃത വിശുദ്ധകുർബാന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അതിരൂപത വിശ്വാസീ കൂട്ടായ്മയുടെ നേതൃത്വത്തിൽ 15ന് ഏകീകൃത വിശുദ്ധ കുർബാന വിളംബര ജാഥ സംഘടിപ്പിക്കും.
അതിരൂപതയുടെ തെക്കേ അറ്റമായ ചേർത്തല ഫൊറോനയുടെ കീഴിൽ വരുന്ന മരുത്തൂർവട്ടം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽനിന്ന് ജോസ് അറയ്ക്കത്താഴവും വടക്കേ അറ്റമായ കൊരട്ടി ഫൊറോന പള്ളിയിൽനിന്ന് പോൾസൺ കുടിയിരിപ്പിലും ജാഥ ക്യാപ്റ്റൻമാരായാണ് രണ്ടു മേഖല ജാഥകൾ നടത്തുന്നത്.
15ന് രാവിലെ എട്ടിന് ആരംഭിക്കുന്ന വിളംബര ജാഥകൾ ഫാ. കുര്യൻ ഭരണികുളങ്ങര, ഫാ. ജോർജ് നെല്ലിശേരി എന്നിവർ ഫ്ളാഗ് ഓഫ് ചെയ്യും. അതിരൂപതയിലെ 16 ഫൊറോനകളിലെ വിവിധ ഇടവകകളിലൂടെ സഞ്ചരിക്കുന്ന വിളംബര ജാഥ വൈകുന്നേരം ആറിന് എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ സംഗമിക്കും. തുടർന്നു നടക്കുന്ന സമാപന സമ്മേളനത്തിൽ വൈദികർ, അല്മായ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.
പരിപാടി വിശദീകരിച്ച പത്രസമ്മേളനത്തിൽ മേജർ അതിരൂപത വിശ്വാസീ കൂട്ടായ്മ ജനറൽ കൺവീനർ ഡോ.എം.പി. ജോർജ്, ജോസഫ് അമ്പലത്തിങ്കൽ, ഷൈബി പാപ്പച്ചൻ, റോബിൻ പൂതവേലി, ബൈജു ഫ്രാൻസീസ്, ഡേവീസ് ചുരമന തുടങ്ങിയവർ പങ്കെടുത്തു.