വീട് കുത്തിത്തുറന്നു മോഷണം; കർണാടക സ്വദേശി പിടിയിൽ
1444060
Sunday, August 11, 2024 7:27 AM IST
വൈക്കം: ആറാട്ടുകുളങ്ങരയിൽ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 32 പവൻ സ്വർണവും ഡയമണ്ടും മോഷ്ടിച്ച കേസിൽ കർണാടക സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ താമസിക്കുന്ന കർണാടക സ്വദേശി ഉമേഷ് റെഡ്ഢി (42) ആണ് കണ്ണൂർ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞയാഴ്ച കണ്ണൂരിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഉമേഷ് റെഡ്ഢിയെ പോലീസ് പിടികൂടിയത്. തുടർന്നുനടന്ന ചോദ്യം ചെയ്യലിൽ ഇയാൾ വൈക്കത്തു മോഷണം നടത്തിയ കാര്യം തളിപ്പറമ്പ് പോലീസിനോടു വെളിപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ മാർച്ച് 12ന് ആറാട്ടുകുളങ്ങര തെക്കേനാവള്ളിൽ എൻ. പുരുഷോത്തമൻ നായരുടെ വീട്ടിൽ നിന്ന് 55 പവൻ സ്വർണവും ഡയമണ്ടും മോഷ്ടിക്കപ്പെട്ടെന്നായിരുന്നു കേസ്. വീട്ടുടമയും ഭാര്യയും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥയായ മകളെ രാത്രി ചേർത്തലയിലെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു.
പിറ്റേന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് കുടുംബം മോഷണ വിവരമറിയുന്നത്. പിന്നീട് വീട്ടുകാർ നടത്തിയ പരിശോധനയിൽ അലമാരയുടെ മറ്റൊരു ഭാഗത്തു തുണികൾക്കിടയിൽനിന്ന് 23 പവനോളം ആഭരണം കണ്ടുകിട്ടിയിരുന്നു. ഭാഗ്യവശാൽ ഇത് മോഷ്ടാവിന്റെ കണ്ണിൽപ്പെടാതെ പോകുകയായിരുന്നു.
ഇയാൾ തന്നെയാണ് തലയോലപ്പറമ്പ് മിഠായിക്കുന്നം തട്ടുംപുറത്ത് ടി.കെ. മധുവിന്റെ വീട് കുത്തി ത്തുറന്ന് 13 പവൻ സ്വർണവും 13,000 രൂപയും കവർന്നത്. കണ്ണൂരിൽ പിടിയിലായ പ്രതി പോലീസിന്റെ ചോദ്യം ചെയ്യലിലാണ് വൈക്കത്തും തലയോലപ്പറമ്പിലും നടത്തിയ മോഷണങ്ങൾ സമ്മതിച്ചത്. കഴിഞ്ഞ ജൂൺ 21ന് പട്ടാപ്പകൽ ആളില്ലാതിരുന്ന സമയമാണ് മിഠായിക്കുന്നത്തെ വീട് കുത്തിത്തുറന്ന് ഇയാൾ മോഷണം നടത്തിയത്.
ഉദ്യോഗസ്ഥരായ ദന്പതികൾ രാവിലെ ജോലിക്കുപോയിരുന്നു. സ്കൂൾ വിദ്യാർഥിയായ മകൾ വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. പ്രതിയെ പോലീസ് മിഠായിക്കുന്നത്തെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. സംഭവദിവസം ഇയാളെ കണ്ട അയൽവാസി പ്രതിയെ തിരിച്ചറിഞ്ഞു.
വൈക്കത്തെ മോഷണവുമായി ബന്ധപ്പെട്ടു തെളിവെടുപ്പിന് പ്രതിയെ ഇന്നലെ വൈക്കം പോലീസ് കസ്റ്റഡിയിൽ വാങ്ങി.